ഉന്നത വിദ്യാഭ്യാസം: മുഖ്യമന്ത്രി ഇടപെടണമെന്നു വി.ഡി. സതീശൻ
Thursday, July 17, 2025 2:54 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യമന്ത്രിക്കു കത്ത് നൽകി.
സർവകലാശാലകളിൽ സ്ഥിരം വൈസ് ചാൻസലർമാരും ഭൂരിഭാഗം സർക്കാർ കോളജുകളിൽ പ്രിൻസിപ്പൽമാരും ഇല്ലാത്തത് ഉന്നതവിദ്യാഭ്യാസ മേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇതിനു പുറമെയാണ് കേരള സർവകലാശാലയിൽ ഗവർണറും വിസിയും ഒരു ഭാഗത്തും റജിസ്ട്രാറും സിൻഡിക്കേറ്റും മറുഭാഗത്തും നിന്ന് പരസ്യമായി പോരടിക്കുന്നത്.
അധികാര തർക്കത്തിനും എസ്എഫ്ഐ നടത്തിയ അക്രമ സമരങ്ങൾക്കും പിന്നാലെ കേരള സർവകലാശാലയിൽ രണ്ടു റജിസ്ട്രാർമാർ നിലനിൽക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും പ്രതിപക്ഷ നേതാവ് കത്തിൽ ചൂണ്ടിക്കാട്ടി.