രാജസ്ഥാനിൽ നാലാം ക്ലാസ് വിദ്യാർഥിനി ക്ലാസിൽ കുഴഞ്ഞുവീണു മരിച്ചു
Thursday, July 17, 2025 1:31 AM IST
ജയ്പുർ: രാജസ്ഥാനിൽ നാലാം ക്ലാസ് വിദ്യാർഥിനി ക്ലാസിൽ കുഴഞ്ഞുവീണു മരിച്ചു. സിക്കാറിലെ ദന്ത പട്ടണത്തിലെ ആദർശ് വിദ്യാ മന്ദിർ സ്കൂളിലാണ് സംഭവം.
ഒൻപത് വയസുകാരിയായ പ്രാചി കുമാവത് ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചഭക്ഷണം കഴിക്കാൻ ഒരുങ്ങുന്നതിനിടെയാണ് കുട്ടി കുഴഞ്ഞുവീണത്. അധ്യാപകർ കുട്ടിയെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും കുട്ടിയുടെ ആരോഗ്യനില ഗുരുതരമായിരുന്നു.
അൽപസമയത്തിന് ശേഷം മാതാപിതാക്കൾകുട്ടിയെ മറ്റൊരു ആശുപത്രിയിലേയ്ക്ക് മാറ്റിയെങ്കിലും കുട്ടി മരിച്ചു.
നേരിയ ജലദോഷം ബാധിച്ചതിനാൽ കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി പ്രാചി സ്കൂളിൽ എത്തിയിരുന്നില്ലെന്ന് ആദർശ് വിദ്യാ മന്ദിർ സ്കൂളിലെ പ്രിൻസിപ്പൽ നന്ദ് കിഷോർ തിവാരി പറഞ്ഞു.