സമാജ്വാദി പാർട്ടി എംപിയുടെ പരാതി; എഡിഎമ്മിനെതിരെ അന്വേഷണം
Thursday, July 17, 2025 12:48 AM IST
ലക്നോ: സമാജ്വാദി പാർട്ടി (എസ്പി) എംപി ഇഖ്റ ഹസന്റെ പരാതിയെ തുടർന്ന് സഹാറൻപൂർ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റിനെതിരെ (എഡിഎം) അന്വേഷണത്തിന് ഉത്തരവ്.
പ്രാദേശിക വിഷയങ്ങൾ ചർച്ച ചെയ്യാൻ എഡിഎഡിഎമ്മിന്റെ ഓഫീസിലെത്തിയ തന്നോടും ഷമാൽപൂർ നഗർ പഞ്ചായത്ത് ചെയർപേഴ്സൺ ഷാമ പർവീനോടും ഉദ്യോഗസ്ഥർ മോശമായി പെരുമാറിയെന്നും ഇവിടെ നിന്നും പോകണമെന്ന് ആവശ്യപ്പെട്ടുവെന്നും കൈരാന എംപിയായ ഇഖ്റ ഹസൻ ആരോപിക്കുന്നു.
ജൂലൈ ഒന്നിന്, തന്റെ മണ്ഡലത്തിലെ പ്രശ്നങ്ങൾ എഡിഎം സന്തോഷ് ബഹാദൂർ സിംഗുമായി ചർച്ച ചെയ്യാനാണ് താൻ സ്ഥലത്തെത്തിയത്. എന്നാൽ എഡിഎം ഭക്ഷണം കഴിക്കാൻ പുറത്തുപോയെന്ന മറുപടിയാണ് തങ്ങൾക്ക് ലഭിച്ചത്. കൂടാതെ എഡിഎമ്മിനോട് പറയാനുള്ള കാര്യങ്ങൾ എഴുതി നൽകാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.
പിറ്റേ ദിവസം ഉച്ചകഴിഞ്ഞ് എഡിഎമ്മിന്റെ ഓഫീസിൽ തങ്ങൾ വീണ്ടുംപോയി. എന്നാൽ അവിടെ എത്തിയപ്പോൾ എഡിഎമ്മിന്റെ പെരുമാറ്റം ഒട്ടും മാന്യമായിരുന്നില്ലെന്നും തങ്ങളോട് ഓഫീസിൽ നിന്നും ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടുവെന്നും എംപി ആരോപിക്കുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഇഖ്റ ഹസൻ, പ്രിൻസിപ്പൽ സെക്രട്ടറി, സഹാറൻപൂർ ഡിവിഷണൽ കമ്മീഷണർ അടൽ കുമാർ റായി എന്നിവർക്ക് പരാതി നൽകുകയായിരുന്നു. പരാതിയിന്മേൽ അന്വേഷണം നടത്താൻ സഹാറൻപൂർ ജില്ലാ മജിസ്ട്രേറ്റ് മനീഷ് ബൻസലിനോട് സഹാറൻപൂർ ഡിവിഷണൽ കമ്മീഷണർ നിർദ്ദേശിച്ചു.
"വിഷയം പരിശോധിച്ചുവരികയാണ്. അന്വേഷണം പൂർത്തിയായിക്കഴിഞ്ഞാൽ റിപ്പോർട്ട് സർക്കാരിന് അയയ്ക്കും' ബൻസാൽ പറഞ്ഞു.