നിമിഷ പ്രിയ തിരിച്ചുവരുമെന്നാണ് വിശ്വാസം: ചാണ്ടി ഉമ്മൻ
Tuesday, July 15, 2025 5:53 PM IST
കോട്ടയം: യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയ തിരിച്ചു വരുമെന്നാണ് വിശ്വാസമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. കൂട്ടായ പരിശ്രമം ആണ് വിജയം കാണുന്നത്. ഗവർണർ ഉൾപ്പെടെ എല്ലാവരും നിമിഷ പ്രിയയുടെ മോചനത്തിനായി ശ്രമിക്കുന്നുണ്ട്. ഉമ്മൻചാണ്ടിയുടെ ആഗ്രഹമാണ് സഫലമാകുന്നതെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.
നിമിഷ പ്രിയയുടെ വധശിക്ഷാ വിധി നടപ്പാവാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ കാന്തപുരം മുസ്ലിയാർ ഇടപെട്ടതും വലിയ പങ്കുവഹിക്കുന്നുണ്ട്. സാജൻ ലത്തീഫ് എന്ന വ്യവസായിയും ഇടപെടൽ നടത്തി. നിമിഷ പ്രിയയുടെ മോചനത്തിനായി ദീപ ജോസഫ്, സുഭാഷ് ചന്ദ്രൻ തുടങ്ങിയവർ വർഷങ്ങളായി പരിശ്രമിക്കുകയാണ്. എല്ലാവരോടും നന്ദിയുണ്ടെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.
വധശിക്ഷ റദ്ദാക്കാനുള്ള ശ്രമം അടുത്തഘട്ടത്തിലേക്ക് കടക്കണം. കൊല്ലപ്പെട്ട ആളുടെ കുടുംബവുമായി അടിയന്തരമായി ചർച്ച നടത്തേണ്ടതുണ്ട്. കൂടുതൽ വിവരങ്ങൾ ഇപ്പോൾ പറയുന്നില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.