ഇടപെട്ടത് മനുഷ്യനെന്ന നിലയിൽ; നിമിഷ പ്രിയയ്ക്ക് വേണ്ടി എല്ലാവരും പ്രാർഥിക്കണം: കാന്തപുരം അബൂബക്കർ മുസ്ലിയാർ
Tuesday, July 15, 2025 5:24 PM IST
കോഴിക്കോട്: നിമിഷ പ്രിയ വിഷയത്തിൽ ഇടപെട്ടത് മനുഷ്യൻ എന്ന നിലയിലാണെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ.
മനുഷ്യത്വത്തിന് പ്രാധാന്യം കൽപിക്കുന്ന മതമാണ് ഇസ്ലാം. അതുകൊണ്ട് ജാതിയോ മതമോ വേർതിരിവില്ലാതെ മനുഷ്യൻ എന്ന നിലയ്ക്കാണ് വിഷയത്തിൽ ഇടപെട്ടത്. നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ ഇടപെട്ട് എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ ചെയ്യണമെന്ന് യെമനിലെ പണ്ഡിതരോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അവിടുത്തെ പണ്ഡിതർ കൂടിയാലോചിക്കുകയും വേണ്ടത് ചെയ്യാമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.
ദയാധനം സമാഹരിക്കാനുള്ള ഉത്തരവാദിത്തം ചാണ്ടി ഉമ്മൻ ഏറ്റെടുത്തിട്ടുണ്ട്. വിഷയത്തിൽ തുടർന്നും ഇടപെടും. ഇടപെടുന്ന കാര്യം പ്രധാനമന്ത്രിയുടെ ഓഫിസിനെ അറിയിച്ചിട്ടുണ്ട്. യമൻ ജനതക്ക് സ്വീകാര്യരായ മുസ്ലീം പണ്ഡിതരെയാണ് താൻ ബന്ധപെട്ടത്. ആ രാജ്യത്തെ മുഴുവൻ ജനങ്ങളും സ്വീകരിക്കുന്നവരാണ് അവരെന്നും കാന്തപുരം പറഞ്ഞു.
വധശിക്ഷ നീട്ടിവച്ചെന്ന ഉത്തരവ് ഇന്ന് ഔദ്യോഗികമായി ലഭിച്ചു. കഴിഞ്ഞദിവസം നടന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ ദയാധനം സ്വീകരിച്ച് നിമിഷപ്രിയയ്ക്ക് മാപ്പു നൽകുന്നതുമായി ബന്ധപ്പെട്ട കാര്യത്തിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കാൻ സമയം വേണമെന്നതിനാൽ വധശിക്ഷ നീട്ടിവച്ചെന്ന ഉത്തരവാണ് ലഭിച്ചത്. ഇനി നിമിഷപ്രിയയ്ക്കായി എല്ലാവരും പ്രാർഥിക്കണമെന്നും കാന്തപുരം പറഞ്ഞു.
ബുധനാഴ്ചയാണ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്ന ദിവസമെന്നിരിക്കെ ഇന്നത്തെ ചർച്ചകൾ അതീവ നിർണായകമായിരുന്നു. യമനിലെ ദമാറിൽ തുടരുന്ന മധ്യസ്ഥ സംഘം ഇന്ന് തലാലിന്റെ ബന്ധുക്കളെയും ഗോത്ര നേതാക്കളെയും വീണ്ടും കണ്ടു. ഈ ചർച്ചയുടെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.
തെക്കൻ യെമനിലെ ഗോത്രകേന്ദ്രത്തിൽ തിങ്കളാഴ്ച നടന്ന ചർച്ചയിൽ ശൈഖ് ഹബീബ് ഉമറിന്റെ പ്രതിനിധി ഹബീബ് അബ്ദുറഹ്മാന് അലി മഷ്ഹൂര്‍, യെമന്‍ ഭരണകൂട പ്രതിനിധികള്‍, ജിനായത് കോടതി സുപ്രീം ജഡ്ജ്, കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്, ഗോത്ര തലവന്മാര് എന്നിവരാണ് പങ്കെടുത്തത്.