ശുഭാംശുവും സംഘവും പേടകത്തിൽ നിന്നും പുറത്തെത്തി
Tuesday, July 15, 2025 4:08 PM IST
ന്യൂഡൽഹി: പസഫിക് സമുദ്രത്തില്‍ കലിഫോര്‍ണിയ തീരത്ത് സ്പ്ലാഷ് ഡൗണ്‍ ചെയ്ത പേടകത്തിൽ നിന്നും എല്ലാവരും പുറത്തിറങ്ങി.
മിഷൻ കമാൻഡറായ പെഗ്ഗി വിറ്റ്സനു പിന്നാലെ രണ്ടാമനായി മിഷൻ പൈലറ്റായ ശുഭാംശുവും പുറത്തിറങ്ങി. തൊട്ടു പുറകെ സ്ലാവോസ് വിസ്നീവ്സ്കി (പോളണ്ട്), ടിബോർ കാപു (ഹംഗറി) എന്നിവരും പുറത്തെത്തി.
സ്പേസ് എക്സിന്റെ സ്പീഡ് ബോട്ടുകളാണ് റിക്കവറി ഷിപ്പിലേക്ക് പേടകത്തെ ചങ്ങലകളിൽ ബന്ധിച്ച് എത്തിച്ചത്. കരയിൽ എത്തുന്നതിനു പിന്നാലെ നിരവധി ആരോഗ്യ പരിശോധനകൾക്ക് സംഘം വിധേയരാകണം. റിക്കവറി ഷിപ്പിൽനിന്ന് ഇവരെ ഹെലികോപ്റ്റർ മാർഗം തീരത്തേക്ക് എത്തിക്കും.
ഇതിനുശേഷം ജോൺസൺ സ്പേസ് സെന്ററിൽ ഏഴു ദിവസം നിരീക്ഷണത്തിൽ കഴിയണം. മൈക്രോ ഗ്രാവിറ്റി പരിതസ്ഥിതിയിൽ 18 ദിവസം കഴിഞ്ഞ ശുഭാംശുവിന്റെ ആരോഗ്യനില നിരീക്ഷിക്കാനായി ഐഎസ്ആർഒയുടെ സംഘവും യുഎസിൽ എത്തിയിട്ടുണ്ട്.
ബഹിരാകാശനിലയത്തിൽനിന്ന് തിങ്കളാഴ്ച വൈകുന്നേരം 4.45നാണ് ഡ്രാഗണ്‍ പേടകം അണ്‍ഡോക്ക് ചെയ്തത്. തുടർന്ന് 22.5 മണിക്കൂറോളം ഭൂമിയെ വലംവച്ചശേഷമാണ് പേടകം ഭൗമാന്തരീക്ഷത്തിലേക്ക് കടന്നത്.