കവര്‍ച്ചാസംഘമെന്ന് സംശയം; നെട്ടൂരില്‍ കണ്ടെയ്നര്‍ ലോറി പിടിച്ചെടുത്തു, രാജസ്ഥാന് സ്വദേശികള്‍ കസ്റ്റഡിയില്‍
Tuesday, July 15, 2025 11:46 AM IST
കൊച്ചി: എറണാകുളം നെട്ടൂരില്‍ പോലീസ് കണ്ടെയ്നര്‍ ലോറി പിടിച്ചെടുത്തു. കവര്‍ച്ച ചെയ്ത സാധനങ്ങളുമായി എത്തിയവരാണ് ലോറിയിലുണ്ടായതെന്നാണ് സംശയം. സംഭവവുമായി മൂന്ന് രാജസ്ഥാന് സ്വദേശികളെ പനങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്തു. ഇതില്‍ ഒരാള്‍ സ്റ്റേഷനിലെ ശുചിമുറിയുടെ ജനൽ പൊളിച്ച് പോലീസ് കസ്റ്റഡിയില്‍നിന്ന് ഓടി രക്ഷപ്പെട്ടു. പോലീസ് കസ്റ്റഡിയിലുള്ള രണ്ടു പേരെ വിശദമായി ചോദ്യം ചെയ്തുവരുകയാണ്.
കാറുമായി കണ്ടെയ്നര്‍ ലോറി കൊച്ചിയിലേക്ക് എത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നു പുലര്‍ച്ചെ മുതല്‍ പനങ്ങാട് പോലീസ് വാഹനങ്ങള്‍ പരിശോധിച്ചുവരികയായിരുന്നു. ഇതിനിടയിലാണ് വെളുപ്പിന് 3.30 ഓടെ കണ്ടെയ്നര്‍ ലോറി നെട്ടൂരിലെത്തിയത്. പോലീസ് വണ്ടി തടഞ്ഞ് പരിശോധന നടത്തുന്നതിനിടെ ഒരാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
ലോറിയില്‍ എസികളാണ് കണ്ടെത്തിയത്. കസ്റ്റഡിയിലുള്ളവരുടെ ചോദ്യം ചെയ്യലിലൂടെ വ്യക്തമായ വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്. രക്ഷപ്പെട്ട ആളെ കകണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചു.