നിപ ജാഗ്രത തുടരുന്നു; 112 പേർ സമ്പർക്കപ്പട്ടികയിൽ
Monday, July 14, 2025 11:45 PM IST
തിരുവനന്തപുരം: പാലക്കാട് നിപ റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ വ്യക്തിയുടെ സമ്പർക്ക പട്ടികയിൽ 112 പേർ. സിസിടിവി ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിച്ച് റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് തയാറാക്കി. കണ്ടെയിൻമെന്റ് സോൺ പ്രഖ്യാപിച്ച് പ്രദേശത്ത് ഫീൽഡ്തല പ്രവർത്തനങ്ങളും ഫീവർ സർവൈലൻസും ശക്തമാക്കി.
ആരോഗ്യ വകുപ്പിന്റെ വിദഗ്ധ ടീം സ്ഥലം സന്ദർശിച്ച് തുടർ നടപടികൾ സ്വീകരിച്ചു. വിവിധ ജില്ലകളിലായി നിപ സമ്പർക്കപ്പട്ടികയിൽ ആകെ 609 പേരാണ് ഉള്ളത്. അതിൽ 112 പേർ പാലക്കാട് രണ്ടാമത് നിപ റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ വ്യക്തിയുടെ സമ്പർക്കപ്പട്ടികയിൽ ഉള്ളവരാണ്.
മലപ്പുറം ജില്ലയിൽ 207 പേരും പാലക്കാട് 286 പേരും കോഴിക്കോട് 114 പേരും എറണാകുളത്ത് രണ്ടു പേരുമാണ് സമ്പർക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് എട്ടു പേരാണ് ഐസിയു ചികിത്സയിലുള്ളത്. മലപ്പുറം ജില്ലയിൽ ഇതുവരെ 72 സാമ്പിളുകൾ നെഗറ്റീവ് ആയിട്ടുണ്ട്. പാലക്കാട് അഞ്ചുപേർ ഐസൊലേഷനിൽ ചികിത്സയിലാണ്.