വിദേശജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയയാൾ പിടിയിൽ
Sunday, July 13, 2025 9:36 PM IST
ആലത്തൂർ: വിദേശരാജ്യങ്ങളിൽ ജോലിവാഗ്ദാനം നൽകി തട്ടിപ്പുനടത്തിയ ആളെ ആലത്തൂർ പോലീസ് പിടികൂടി. കോഴിക്കോട് കല്ലുരുട്ടി സ്വദേശി മനോജ്(49) ആണു പിടിയിലായത്. ഇറ്റലി, ജർമനി തുടങ്ങിയ വിദേശരാജ്യങ്ങളിൽ നഴ്സിംഗ് ഉള്‍പ്പെടെ ജോലി വാഗ്ദാനം ചെയ്ത് സംസ്ഥാനത്തെ വിവിധ ജില്ലകളിൽനിന്നുള്ളവരിൽനിന്നു കോടിക്കണക്കിനു രൂപ തട്ടിയെടുത്തെന്ന കേസിലാണ് അറസ്റ്റ്.
ആലത്തൂർ ബസ് സ്റ്റാൻഡിൽ തിരംഗ ഇൻസ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനം ആരംഭിച്ച ഇയാൾ പാലക്കാട്, കോട്ടയം, ആലപ്പുഴ, തൊടുപുഴ, എറണാകുളം, വയനാട്, മലപ്പുറം തുടങ്ങിയ സ്ഥലങ്ങളിൽ സമാനസ്ഥാപനങ്ങൾ നടത്തി ഓണ്‍ലൈൻ കോഴ്സും ജോലിയും വാഗ്ദാനംചെയ്ത് തട്ടിപ്പുനടത്തിവരികയായിരുന്നു.
തട്ടിപ്പിനിരയായ കോട്ടയം മണർകാട് സ്വദേശി നൽകിയ പരാതിയിലാണ് ആലത്തൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതി എറണാകുളം കളമശേരിയിൽ ഒരു മീറ്റിംഗിൽ പങ്കെടുക്കുന്നതിനായി എത്തുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് പോലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.