കെ.ജി. ശിവാനന്ദൻ സിപിഐ തൃശൂർ ജില്ലാ സെക്രട്ടറി
Sunday, July 13, 2025 3:37 PM IST
തൃശൂർ: സിപിഐ തൃശൂർ ജില്ലാ സെക്രട്ടറിയായി കെ.ജി. ശിവാനന്ദനെ തെരഞ്ഞെടുത്തു. ഇരിങ്ങാലക്കുടയിൽ നടക്കുന്ന സിപിഐ തൃശൂർ ജില്ലാ സമ്മേളനത്തിലാണ് തീരുമാനം. നിലവിൽ എഐടിയുസി ജില്ലാ സെക്രട്ടറിയാണ് കെ.ജി. ശിവാനന്ദൻ.
ശിവാനന്ദന്റെ ജില്ലാ സെക്രട്ടറി സ്ഥാനത്തിനെതിരേ ജില്ലാ കൗൺസിലിൽ എതിർപ്പ് ഉയർന്നിരുന്നു. അദ്ദേഹത്തിനു പകരം വി.എസ്. സുനിൽ കുമാർ, ടി.ആർ. രമേഷ് കുമാർ എന്നിവരുടെ പേരുകൾ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ഒരു വിഭാഗം നിർദേശിക്കുകയും ചെയ്തിരുന്നു. ഒടുവിൽ സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം ജില്ലാ കൗൺസിൽ അംഗീകരിക്കുകയായിരുന്നു.
അതേസമയം, പാർട്ടിയുമായി കഴിഞ്ഞ കുറച്ച് കാലങ്ങളായി അഭിപ്രായഭിന്നതയിൽ തുടരുന്ന നാട്ടിക എംഎൽഎ സി.സി. മുകുന്ദനെ ജില്ലാ കൗൺസിലിൽ നിന്ന് നേതൃത്വം ഒഴിവാക്കിയിരുന്നു. ഇതിനു പിന്നാലെ അദ്ദേഹം സമ്മേളനം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി.