ഗുരുപൂജയെ എതിര്‍ക്കുന്നവര്‍ കുട്ടികളെ സംസ്കാരവും പൈതൃകവും പഠിപ്പിക്കാത്തവർ: ഗവർണർ
Sunday, July 13, 2025 2:26 PM IST
തിരുവനന്തപുരം: ഗുരുപൂര്‍ണിമദിനത്തില്‍ വിവിധ സ്കൂളുകളില്‍ വിദ്യാര്ഥികളെക്കൊണ്ട് വിരമിച്ച അധ്യാപകരുടെ പാദപൂജ ചെയ്യിച്ച സംഭവത്തില്‍ വിശദീകരണവുമായി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. ഗുരുപൂജ രാജ്യത്തിന്റെ സംസ്കാരത്തിന്റെ ഭാഗമാണെന്നും അതില്‍ തെറ്റില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഭാരതാംബയും ഗുരുപൂജയും ഭാരതത്തിന്റെ പാരമ്പര്യവും പൈതൃകവും സംസ്കാരവുമാണ്. ഗുരുപൂജയെ എതിര്‍ക്കുന്നവര്‍ കുട്ടികളെ സംസ്കാരവും പൈതൃകവും പഠിപ്പിക്കാത്തവരാണ്. കുട്ടികള്‍ സനാതന ധര്‍മവും പൂജയും സംസ്കാരവും പഠിക്കുന്നതില്‍ എന്താണ് തെറ്റെന്നും ഗവർണർ ചോദിച്ചു. ബാലഗോകുലത്തിന്റെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാര്ഥികളെക്കൊണ്ട് അധ്യാപകരുടെ കാല്‍കഴുകിച്ച സംഭവത്തില്‍ വിവിധ യുവജനസംഘടനകളും വിദ്യാര്‍ഥിസംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വിഷയത്തിൽ റിപ്പോര്‍ട്ട് തേടുമെന്ന് മന്ത്രി വി. ശിവന്‍കുട്ടിയും വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് വിഷയത്തിൽ പ്രതികരണവുമായി ഗവർണർ രംഗത്തെത്തിയത്.