നിപ്പ: പാലക്കാട്ട് മരിച്ച രോഗിയുടെ വീടിനു ചുറ്റളവിൽ നിയന്ത്രണം, സമ്പർക്കപട്ടികയിലുള്ളവർക്ക് ക്വാറന്റൈൻ
Sunday, July 13, 2025 10:14 AM IST
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും നിപ മരണം സ്ഥിരീകരിച്ചതോടെ നിയന്ത്രണം ശക്തമാക്കി ആരോഗ്യവകുപ്പ്. നിപ്പ സ്ഥിരീകരിച്ച പാലക്കാട് മണ്ണാർക്കാട് കുമരംപുത്തൂർ സ്വദേശിയായ 58 കാരന്റെ വീടിന് മൂന്ന് കിലോമീറ്റർ ചുറ്റളവിൽ പ്രവേശന നിയന്ത്രണം ഏർപ്പെടുത്തി. കണ്ടൈയ്ൻമെന്റ് സോണുകൾ ഉടൻ പ്രഖ്യാപിക്കും. മരിച്ചയാളുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ആളുകൾക്ക് ക്വാറന്റൈനിൽ പോകാൻ നിർദേശം നൽകിയിട്ടുണ്ട്.
രോഗലക്ഷണങ്ങളോടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മധ്യവയസ്കൻ ശനിയാഴ്ച വൈകുന്നേരമാണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ നിപ്പ സ്ഥിരീകരിക്കുകയായിരുന്നു. ഇയാളുടെ കൂടുതൽ സാന്പിളുകൾ പൂനെയിലെ വൈറോളജി ലാബിലേക്കും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
അതേസമയം, നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള പാലക്കാട് തച്ചനാട്ടുകര സ്വദേശിനിയുടെ നില ഗുരുതരമായി തുടരുകയാണ്.