വിദ്യാർഥികളെ കൊണ്ട് പാദപൂജ ചെയ്യിച്ച സംഭവം; യൂത്ത് കോൺഗ്രസ് പരാതി നൽകി
Saturday, July 12, 2025 6:41 PM IST
ആലപ്പുഴ: വിദ്യാർഥികളെ കൊണ്ട് അധ്യാപകരുടെ പാദപൂജ ചെയ്യിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് വിദ്യാഭ്യാസ വകുപ്പിനും ബാലാവകാശ കമ്മീഷനും പരാതി നൽകി. മാവേലിക്കരയിലെ വിദ്യാതിരാജ വിദ്യാപീഠം സ്കൂളിലെയും ഇടപ്പോൺ ആറ്റുവ വിവേകാനന്ദ വിദ്യാപീഠം സ്കൂളിലെയും പാദപൂജയില്‍ നടപടി ആവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് പരാതി നൽകിയത്.
ഗുരുപൂർണിമയുടെ ഭാഗമായി വിവിധ ജില്ലകളിലെ സ്കൂളുകളില്‍ വിദ്യാർഥികളെ കൊണ്ട് അധ്യാപകരുടെ പാദപൂജ ചെയ്യിച്ച സംഭവം വലിയ വിവാദമായിരുന്നു. കാസര്‍ഗോഡ്, കണ്ണൂര്‍, ആലപ്പുഴ ജില്ലകളിലെ സ്കൂളുകളില്‍ പാദപൂജ ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
കാസർഗോഡ് ബന്തടുക്ക സരസ്വതി വിദ്യാലയത്തിൽ പാദപൂജ ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ തൃക്കരിപ്പൂർ ചക്രപാണി സ്കൂൾ, ചീമേനി വിവേകാനന്ദ സ്കൂൾ, കുണ്ടംകുഴി ഹരിശ്രീ വിദ്യാലയം എന്നിവിടങ്ങളിലും പാദപൂജ നടന്നെന്ന വിവരം പുറത്തുവന്നു. കണ്ണൂർ ശ്രീകണ്ഠാപുരം വിവേകാനന്ദ വിദ്യാപീഠം സ്കൂളിലും പാദപൂജ നടന്നിരുന്നു.
ആലപ്പുഴ നൂറനാട് വിവേകാനന്ദ വിദ്യാപീഠം സ്കൂളില്‍ വാര്‍ഡ് മെമ്പറും ബിജെപി ജില്ലാ സെക്രട്ടറിയുമായ കെ.കെ.അനൂപിന്റെ പാദമാണ് പൂജിച്ചത്. മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെൻട്രൽ സ്കൂളിൽ 101 അധ്യാപകരുടെ കാലിൽ വിദ്യാർഥികൾ വെള്ളംതളിച്ച് പൂക്കളിടുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
കാസര്‍ഗോട്ടെ സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തിട്ടുണ്ട്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ബേക്കൽ ഡിവൈഎസ്പിയോട് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ ബാലാവകാശ കമ്മീഷൻ നിർദേശിച്ചു.