ചിറ്റൂരിൽ കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടം; മൂന്നുപേരുടെ നില ഗുരുതരമായി തുടരുന്നു
Saturday, July 12, 2025 12:30 PM IST
പാലക്കാട്: പൊല്‍പ്പുള്ളി അത്തിക്കോട്ടിൽ കാറിന് തീപിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ അമ്മയുടെയും കുട്ടികളുടെയും ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. പാലക്കാട് പാലന ആശുപത്രിയിലെ നഴ്സും അത്തിക്കോട് പുളക്കാട് പരേതനായ മാർട്ടിന്റെ ഭാര്യയുമായ എല്‍സി മാര്ട്ടിന് (40), മക്കളായ അലീന (10), ആല്ഫിന് (ആറ്) എമി( നാല്) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
എൽസിയുടെയും ആല്‍ഫിന്റെയും എമിയുടെയും നില ഗുരുതരമാണ്. 90 ശതമാനത്തിലേറെ പൊള്ളലേറ്റ രണ്ടുകുട്ടികളും, ഇവരുടെ അമ്മ എൽസിയും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ബേണ്‍ ഐസിയുവില്‍ വിദഗ്ധ ചികില്‍സയിലാണ് മൂവരും. ചികിത്സയും നിരീക്ഷണവും തുടരുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ഇന്നലെ വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. ആശുപത്രിയിലെ ജോലി കഴിഞ്ഞെത്തിയ എല്‍സി കുട്ടികളെയുംകൂട്ടി തന്റെ മാരുതി 800 കാറില്‍ പുറത്തേക്കു പോകാനൊരുങ്ങുന്പോഴാണ് അപകടമുണ്ടായത്. എല്ലാവരും കാറില്‍ കയറിയതിനുശേഷം എല്‍സി വാഹനം സ്റ്റാര്‍ട്ട് ചെയ്യുകയും തൊട്ടുപിന്നാലെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായി കാറിനു തീപിടിക്കുകയുമായിരുന്നു.
ആര്‍ക്കും കാറില്‍നിന്നു പെട്ടെന്നു പുറത്തിറങ്ങാനായില്ല. ഓടിയെത്തിയ നാട്ടുകാരാണ് തീയണച്ച് ഇവരെ പുറത്തെടുത്തത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് സംശയിക്കുന്നു. എല്‍സിയുടെ മൂത്തമകള്‍ പത്തു വയസുകാരി അലീനയ്ക്കും, എല്‍സിയുടെ അമ്മ ഡെയ്സിക്കും പരിക്കേറ്റിരുന്നു. ഇവര്‍ ഇരുവരും പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഒന്നരമാസംമുന്പാണ് എല്‍സിയുടെ ഭര്‍ത്താവ് മാര്ട്ടിന് അസുഖംമൂലം അന്തരിച്ചത്. ഇതിനുശേഷം ജോലിയില്‍നിന്ന് അവധിയെടുത്ത എല്‍സി കഴിഞ്ഞദിവസമാണ് ആശുപത്രിയിലെ ജോലിയില്‍ തിരികെപ്രവേശിച്ചത്.
കാര്‍ സ്റ്റാര്‍ട്ട് ചെയ്ത ഉടന്‍ പെട്രോളിന്റെ മണംവന്നുവെന്നും രണ്ടാമത് സ്റ്റാര്‍ട്ട് ചെയ്യാന്‍ ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് പൊട്ടിതെറിച്ചതെന്നും കുട്ടി പറഞ്ഞതായി ആംബുലന്‍സില്‍ ഉണ്ടായിരുന്ന അയല്‍വാസി പറഞ്ഞു. ഏറെ നാളായി ഉപയോഗിച്ചിട്ടില്ലാത്ത കാറാണ് പൊട്ടിത്തെറിച്ചത്. അപകടകാരണം കണ്ടെത്താനായി മോട്ടോര്‍ വാഹനവകുപ്പ്, ഫയര്‍ഫോഴ്സ്, പൊലീസ് എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി.
ബാറ്ററി ഷോർട്ട് സർക്യൂട്ടായതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനമെന്ന് ഫയർ ഫോഴ്സ് അറിയിച്ചു. കാറിന്റെ കാല്പഴക്കമായിരിക്കാം ഷോർട്ട് സർക്യൂട്ടിലേക്ക് നയിച്ചതെന്നും പൂർണ്ണമായും കത്തി നശിച്ച കാറിൽ വിശദ പരിശോധന നടത്താൻ കഴിയില്ലെന്നും ചിറ്റൂരിലെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു.
അട്ടപ്പാടി സ്വദേശിനിയായ എൽസി നാലുവർഷം മുന്‍പാണ് അത്തിക്കോട് പൂളക്കാട്ടിൽ ഭർത്താവിനൊപ്പം താമസം തുടങ്ങിയത്. മൂന്നുമക്കൾക്കും അമ്മയ്ക്കുമൊപ്പമായിരുന്നു താമസം. അമ്മ കാറിൽ കയറിയിരുന്നില്ല. പൊള്ളലേറ്റ മൂന്നു കുട്ടികളും പൊൽപ്പുള്ളി സ്കൂളിലെ വിദ്യാർഥികളാണ്.