നവഗ്രഹ പ്രതിഷ്ഠ; ശബരിമല നട തുറന്നു
Saturday, July 12, 2025 5:41 AM IST
പത്തനംതിട്ട: നവഗ്രഹ പ്രതിഷ്ഠയോടനുബന്ധിച്ചുള്ള പൂജകൾക്കായി ശബരിമല നട തുറന്നു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ശ്രീകോവിലിൽ ദീപം തെളിയിച്ചു.
ശനിയാഴ്ച പ്രതിഷ്ഠയോടനുബന്ധിച്ചുള്ള പ്രത്യേക പൂജകൾ നടക്കും. 13ന് രാവിലെ 11നും 12നും മദ്ധ്യേയുള്ള കന്നി രാശി മുഹൂർത്തത്തിലാണ് പ്രതിഷ്ഠ നടക്കുക. പ്രതിഷ്ഠ ദിനത്തിൽ രാവിലെ ഗണപതി ഹോമം, ശൈയ്യയിൽ ഉഷപൂജ, മരപ്പാണി തുടങ്ങിയ ചടങ്ങുകൾക്ക് ശേഷമാണ് പ്രതിഷ്ഠാ കർമ്മം.
മാളികപ്പുറത്തിന് സമീപമാണ് പുതിയ നവഗ്രഹ ശ്രീകോവിൽ നിർമ്മിക്കുന്നത്. നിലവിലുള്ള നവഗ്രഹ ശ്രീകോവിൽ കൂടുതൽ അഭികാമ്യമായ സ്ഥലത്തേക്ക് മാറ്റി പ്രതിഷ്ഠിക്കണം എന്ന ദേവപ്രശ്ന വിധി അനുസരിച്ചാണ് പുതിയ നവഗ്രഹ ശ്രീകോവിൽ നിർമ്മിച്ചത്. പ്രതിഷ്ഠയോടനുബന്ധിച്ചുള്ള പൂജകൾ പൂർത്തിയാക്കി 13ന് രാത്രി പത്തിന് നട അടയ്ക്കും.