അമിത് ഷായുടെ സന്ദർശനം; തളിപ്പറമ്പ് താലൂക്കില്‍ മൂന്ന് ദിവസത്തേക്ക് ഡ്രോണ്‍ നിരോധനം
Saturday, July 12, 2025 3:22 AM IST
കണ്ണൂർ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദർശനത്തിന്റെ ഭാഗമായി തളിപ്പറമ്പ് താലൂക്കില്‍ മൂന്നു ദിവസത്തേക്ക് ഡ്രോണ്‍ ഉൾപ്പടെയുള്ളവ ഉപയോഗിക്കുന്നത് നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. അമിത് ഷാ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം സന്ദര്‍ശിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് നിരോധനം.
ജൂലൈ 11ന് രാവിലെ മുതല്‍ മൂന്ന് ദിവസത്തേക്കാണ് നിരോധനം. ഭാരതീയ നാഗരിക് സുരക്ഷ സംഹിത 2023 പ്രകാരമാണ് ജില്ലാ കളക്ടറുടെ ഉത്തരവ്. പോലീസ്, പാരാമിലിറ്ററി, എയർഫോഴ്സ്, എസ്പിജി തുടങ്ങിയവയ്ക്ക് നിരോധനം ബാധകമല്ലെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
സന്ദർശനത്തിന് മുന്നോടിയായി വൻ സുരക്ഷാസംവിധാനമാണ് ക്ഷേത്രത്തിലും പരിസരത്തും ഏർപ്പെടുത്തിയിട്ടുള്ളത്. അമിത്ഷാ എത്തുന്നതിന് പത്തു മിനിറ്റ് മുമ്പ് ക്ഷേത്രത്തിൽ നിന്നും മുഴുവൻ പേരെയും ഒഴിപ്പിക്കും.
ക്ഷേത്രവുമായി ബന്ധപ്പെട്ടവരൊഴികെ മറ്റ് ആർക്കും ഈ സമയത്ത് പ്രവേശനമുണ്ടാകില്ല. തിരുവനന്തപുരത്ത് നിന്നും എത്തുന്ന അമിത്ഷായെ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ അനുഗമിക്കും.