കോൽക്കത്തയിൽ ട്രക്കുകൾ തകർത്ത പോലീസുകാർക്ക് സസ്പെൻഷൻ
Thursday, July 10, 2025 5:45 AM IST
കോൽക്കത്ത: പശ്ചിമബംഗാളിൽ അനുമതിയില്ലാത്ത സ്ഥലത്ത് പാർക്ക് ചെയ്തുവെന്ന കാരണത്താൽ പോലീസ് ട്രക്കുകൾ നശിപ്പിച്ചു. കോൽക്കത്തയിലെ ന്യൂ അലിപോറിൽ 30 ട്രക്കുകളാണ് പോലീസ് തകർത്തത്. വാഹനത്തിന്റെ ചില്ലും മറ്റും അടിച്ചുതകർത്തു.
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതായി കോൽക്കത്ത പോലീസ് അറിയിച്ചു. വാഹനം മാറ്റണമെന്ന് പോലീസ് മുൻകൂർ അറിയിപ്പ് നൽകിയിട്ടില്ലെന്ന് അലിപൂർ ട്രക്ക് ഓണേഴ്സ് അസോസിയേഷൻ മേധാവി പങ്കജ് കുമാർ പറഞ്ഞു.
ഇവിടെ ഒരു ആശുപത്രി ഉണ്ട്. ആംബുലൻസിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതിനാൽ ട്രക്കുകൾ ഇവിടെ പാർക്ക് ചെയ്യരുതെന്ന് രണ്ട് ദിവസം മുമ്പ് മാത്രമാണ് ഞങ്ങളോട് പറഞ്ഞത്. 30-35 ട്രക്കുകൾ നശിപ്പിക്കപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.