മൂന്നാം ഏകദിനത്തിൽ തകർപ്പൻ ജയം; ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ശ്രീലങ്ക
Tuesday, July 8, 2025 11:54 PM IST
പല്ലെക്കല്ലെ: ബംഗ്ലാദേശിനെതിരായ ഏകദിന പരന്പര സ്വന്തമാക്കി ശ്രീലങ്ക. മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1 നാണ് ശ്രീലങ്ക സ്വന്തമാക്കിയത്.
നിർണായകമായ മൂന്നാം മത്സരത്തിൽ 99 റൺസിന് വിജയിച്ചാണ് ലങ്ക പരമ്പര വിജയം നേടിയത്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്ക ജയിച്ചപ്പോള്‍ രണ്ടാം മത്സരം ബംഗ്ലാദേശ് ജയിച്ചിരുന്നു.
മൂന്നാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക കുശാല്‍ മെന്‍ഡിസിന്റെ സെഞ്ചുറി കരുത്തില്‍ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 287 റണ്‍സടിച്ചപ്പോള്‍ ബംഗ്ലാദേശ് 39.4 ഓവറില്‍ 186 റണ്‍സിന് ഓള് ഔട്ടായി.
287 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ബംഗ്ലാദേശിന് തുടക്കത്തിലെ തിരിച്ചടിയേറ്റു. സ്കോര്‍ ബോര്‍ഡില്‍ 19 റണ്‍സെത്തിയപ്പോഴേക്കും ഓപ്പണര്‍ തന്‍സിദ് ഹസന് തമീമിനെ(13 പന്തില്‍ 17) അസിത ഫെര്‍ണാണ്ടോ പുറത്താക്കി.
തൊട്ടുപിന്നാലെ നജ്മുള്‍ ഹുസൈന് ഷാന്റോ റണ്ണെടുക്കാതെ മടങ്ങി. മൂന്നാം വിക്കറ്റില്‍ പര്‍വേസ് ഹൊസൈനും തൗഹിദ് ഹൃദോയിയും ചേര്‍ന്ന് ബംഗ്ലാദേശിനെ 50 കടത്തി പ്രതീക്ഷ നല്കി.
എന്നാല്‍ സ്കോര്‍ 62ല്‍ നില്‍ക്കെ പര്‍വേസ് ഹൊസൈന(28) മടക്കിയ ദുനിത് വല്ലാലെഗെ കൂട്ടുകെട്ട് പൊളിച്ചു. ക്യാപ്റ്റന്‍ മെഹ്ദി ഹസന് മിറാസും(28) ഹൃദോയിയും ചേര്‍ന്ന് ബംഗ്ലാദേശിനെ 13.3 ഓവറില്‍ 105 റണ്‍സിലെത്തിച്ചെങ്കിലും മെഹ്ദി ഹസനെ മടക്കിയ ദുനിത് വല്ലാലെഗെ വീണ്ടും ബംഗ്ലാദേശിനെ സമ്മര്‍ദ്ദത്തിലാക്കി.
പിന്നീടെത്തിയ ഷമീം ഹൊസൈന്‍(12), പെട്ടെന്ന് മടങ്ങിയെങ്കിലും ജേക്കർ അലിയും ഹൃദോയിയും ചേര്‍ന്ന് ബംഗ്ലദേശിനെ 150 കടത്തി. എന്നാല്‍ ഹൃദോയിയെ(51) ചമീര പുറത്താക്കിയതിന് പിന്നാലെ 33 റണ്‍സെടുക്കുന്നതിനിടെ ബംഗ്ലാദേശ് ഓള് ഔട്ടായി.
ലങ്കക്ക് വേണ്ടി അസിത ഫെര്‍ണാണ്ടോയും ചമീരയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ വല്ലാലെഗെയും ഹസരങ്കയും രണ്ട് വിക്കറ്റ് വീതം നേടി.