ചില കേന്ദ്രങ്ങള്‍ തുടര്‍ച്ചയായി വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു; മുന്നണിമാറ്റ വാർത്തകളെ തള്ളി ജോസ് കെ. മാണി
Tuesday, July 8, 2025 8:16 PM IST
തിരുവനന്തപുരം: മുന്നണി മാറ്റത്തെക്കുറിച്ചുള്ള വാർത്തകൾ തള്ളി കേരള കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ.മാണി എംപി. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ജോസ് മുന്നണി മാറ്റത്തെ കുറിച്ച് പ്രതികരിച്ചത്.
ഇടതുമുന്നണിയുടെ അവിഭാജ്യഘടകമായ കേരളാ കോണ്‍ഗ്രസ് (എം) മുന്നണിയെ രാഷ്ട്രീയമായി ശക്തിപ്പെടുത്തുന്നതിനും മുന്നണിയുടെ ജനകീയ അടിത്തറ വിപുലപ്പെടുത്തുന്നതിനുമായി നിരന്തരം പരിശ്രമിക്കുകയാണെന്നും ജോസ് കെ.മാണി കുറിച്ചു. നേതൃസ്ഥാനത്തിന്റെ പേരില്‍ കലഹിക്കുന്ന യുഡിഎഫിനെ രക്ഷിക്കാന്‍ ചില കേന്ദ്രങ്ങള്‍ തുടര്‍ച്ചയായി വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം കുറിച്ചു.
മലയോരമേഖലയിലെ പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നതിനെ മുന്നണി രാഷ്ട്രീയ ചര്‍ച്ചകളുമായി കൂട്ടികെട്ടുന്നതിന്റെ ലക്ഷ്യം വിലകുറഞ്ഞ രാഷ്ട്രീയമാണ്. അതിനെ പാര്‍ട്ടി പൂര്‍ണമായും തള്ളുന്നു. മൂന്നാം തവണയും എല്‍ഡിഎഫിനെ കേരളത്തില്‍ അധികാരത്തില്‍ എത്തിക്കാന്‍ ഇടതുപക്ഷ ജനാധിപ്യമുന്നണി കൂടുതല്‍ കരുത്തോടെ മുന്നോട്ടുപൊകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരള കോണ്‍ഗ്രസ് (എം) ന്റെ രാഷ്ട്രീയ നിലപാട് മാറുമെന്ന പ്രതീക്ഷയില്‍ ആരെങ്കിലും വെള്ളം തിളപ്പിക്കുന്നുണ്ടെങ്കില്‍, അങ്ങനെയുള്ളവര്‍, അത് വാങ്ങി വയ്ക്കുന്നതാണ് ഉചിതമെന്നും ജോസ് കുറിച്ചു.