അഖിലേന്ത്യാ പണിമുടക്ക്; ഡയസ്നോൺ പ്രഖ്യാപിച്ച് കെഎസ്ആർടിസി
Tuesday, July 8, 2025 4:42 PM IST
തിരുവനന്തപുരം: അഖിലേന്ത്യാ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ള ബുധനാഴ്ച ഡയസ്നോൺ പ്രഖ്യാപിച്ച് കെഎസ്ആർടിസി. ബുധനാഴ്ച പണിമുടക്കുന്ന ജീവനക്കാർക്ക് വേതനം ലഭിക്കില്ലെ കെഎസ്ആർടിസി എംഡി വ്യക്തമാക്കി.
നേരത്തെ ദേശീയ പണിമുടക്കിന് കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാർ പറഞ്ഞിരുന്നു. പൊതുപണിമുടക്കിൽ പങ്കെടുക്കാൻ കെഎസ്ആർടിസിയിൽ യൂണിയനുകൾ നോട്ടീസ് നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കെഎസ്ആർടിസിയിൽ പണിമുടക്കേണ്ട സാഹചര്യമില്ലെന്നും ജീവനക്കാർ നിലവിൽ സന്തുഷ്ടരാണെന്നും ജീവനക്കാരുടെ പ്രശ്നങ്ങളെല്ലാം പരിഹരിച്ച് മുന്നോട്ടുപോകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ലേബർ കോഡുകൾ പിൻവലിക്കുക, വിലക്കയറ്റം തടയുക, പൊതുമേഖല ഓഹരിവില്പന അവസാനിപ്പിക്കുക, സ്കീം വർക്കർമാരെ തൊഴിലാളികളായി അംഗീകരിക്കുക, മിനിമം വേതനം 26,000 രൂപയായും പെൻഷൻ 9,000 രൂപയായും നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തിയാണ് സംയുക്ത ട്രേഡ് യൂണിയനുകൾ 24 മണിക്കൂർ പൊതുമണിമുടക്ക് നടത്തുന്നത്.
എന്നാൽ മന്ത്രിയെ തള്ളി തൊഴിലാളി സംഘടനകള്‍ രംഗത്തെത്തിയിരുന്നു. കെഎസ്ആർടിസി ജീവനക്കാർ ബുധനാഴ്ച പണിമുടക്കുമെന്നും തൊഴിലാളികൾ നേരത്തെ നോട്ടീസ് നൽകിയിട്ടുണ്ടെന്നും എൽഡിഎഫ് കൺവീനർ കൂടിയായ സിഐടിയു സംസ്ഥാന പ്രസിഡന്റ് ടി.പി. രാമകൃഷ്ണൻ വ്യക്തമാക്കി.
ഗതാഗത മന്ത്രിയുടെ പ്രസ്താവന പണിമുടക്കിനെ ബാധിക്കുന്നതാണെന്നും മന്ത്രിയുടെ ഓഫീസിനെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര തൊഴിൽ നയങ്ങൾക്ക് എതിരെയാണ് സമരം. അത് കെഎസ്ആർടിസി ജീവനക്കാരെയും ബാധിക്കുന്നതാണ്. സ്വകാര്യ വാഹനങ്ങൾ നിരത്തിൽ ഇറക്കാതെ സഹകരിക്കണമെന്നും കടകൾ തുറക്കരുതെന്നും ടി.പി. രാമകൃഷ്ണൻ അഭ്യർഥിച്ചു.
സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി യൂണിയനുകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. പണിമുടക്കില്‍ പങ്കെടുക്കുമെന്ന് അറിയിച്ച് സംഘടനകള്‍ സിഎംഡിക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ബിഎംഎസ് മാത്രമാണ് പണിമുടക്കില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.