"വേദനിപ്പിച്ചെങ്കിൽ മാപ്പ്': നടി വിൻസിയോട് പരസ്യക്ഷമാപണം നടത്തി ഷൈൻ ടോം ചാക്കോ
Tuesday, July 8, 2025 2:23 PM IST
തൃശൂർ: നടി വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പുപറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ. സൂത്രവാക്യം സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് തൃശൂർ പുതുക്കാട് സംഘടിപ്പിച്ച പരിപാടിയിലാണ് ഇരുവരും ഒരുമിച്ച് മാധ്യമങ്ങളെ കണ്ടത്.
ഒന്നും മനഃപൂർവം ചെയ്തതല്ല, പല വാക്കുകളും തമാശയായി പറഞ്ഞതാണ്. തന്റെ ഭാഗത്ത് നിന്നു മോശം അനുഭവം ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും ഷൈൻ ടോം ചാക്കോ വ്യക്തമാക്കി.
"വേദനിപ്പിച്ചെങ്കിൽ മാപ്പ് ചോദിക്കുന്നു. നമ്മള് ഓരോ നിമിഷവും ആളുകളെ രസിപ്പിക്കുവാൻ ഉദ്ദേശിച്ച് തമാശ രീതിയിൽ പറയുന്ന കാര്യങ്ങൾ ഒരുപക്ഷേ മറ്റുള്ളവരെ വിഷമിപ്പിച്ചേക്കാം. എല്ലാവരും ഒരുപോലെയല്ല. ആളുകളെ കാണാനും അവരുടെ ആശയവുമെല്ലാം വ്യത്യസ്തമാണ്. ഒരേ കാര്യം അഞ്ച് പേര് അഞ്ച് രീതിയിലാണ് എടുക്കുന്നത്. അത് പലപ്പോഴും എനിക്ക് മനസിലായിരുന്നില്ല'- ഷൈൻ വിൻസിയോട് പറഞ്ഞു.
അതേസമയം, താൻ ഏറെ ആരാധിച്ച വ്യക്തിയിൽ നിന്നുണ്ടായ അപ്രതീക്ഷിതമായ അനുഭവം ഞെട്ടിച്ചതുകൊണ്ടാണ് പരാതിയുമായി രംഗത്ത് എത്തിയതെന്ന് വിൻസി പറഞ്ഞു. ഷൈനിന്റെ മാറ്റം കാണുമ്പോൾ ബഹുമാനമുണ്ടെന്നും നടി കൂട്ടിച്ചേർത്തു.
"കാര്യങ്ങളെല്ലാം ഷൈൻ സമ്മിതിക്കുന്നുണ്ട്. ഈ മാറ്റം കാണുമ്പോൾ ഇദ്ദേഹത്തോട് വലിയ ബഹുമാനം തോന്നുന്നു. ഞാനും പെർഫക്ട് ആയ വ്യക്തിയൊന്നുമല്ല. അനാവശ്യമായി ഷൈനിന്റെ കുടുംബത്തെ ഇതിലേക്ക് വലിച്ചിഴച്ചു എന്നൊരു തോന്നൽ എനിക്കുണ്ട്. അത് ഒരു കുറ്റബോധത്തോടെ തന്നെ നിലനിൽക്കും'- വിൻസി വ്യക്തമാക്കി.
സൂത്രവാക്യം സിനിമയുടെ ചിത്രീകരണത്തിനിടെ ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറി എന്ന വിൻസി അലോഷ്യസിന്റെ പരാതി വലിയ വിവാദങ്ങൾക്കാണ് വഴിവച്ചത്. എന്നാൽ, വിഷയത്തിൽ നിയമപരമായി മുന്നോട്ടുപോകാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു വിൻസിയുടെ നിലപാട്.