ഫിഫ ക്ലബ് ലോകകപ്പ്: ആദ്യ സെമി ഇന്ന്
Tuesday, July 8, 2025 7:55 AM IST
ന്യൂജഴ്സി: ഫിഫ ക്ലബ് ലോകകപ്പിലെ സെമിഫൈനൽ മത്സരങ്ങൾ ഇന്ന് തുടങ്ങും. ഇന്ന് അർധരാത്രി നടക്കുന്ന മത്സരത്തിൽ ഇംഗ്ലീഷ് കരുത്തരായ ചെൽസി ബ്രസീലിയൻ ക്ലബായ ഫ്ളുമിനെൻസിനെ നേരിടും.
ന്യൂജഴ്സിയിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ഫ്ലോറിഡയിലെ ഒർലാൻഡോയിൽ നടന്ന ക്വാർട്ടറിൽ മാർട്ടിനെല്ലിയുടെയും ഹെർക്കുലീസിന്റെയും ഗോളുകളുടെ സഹായത്തോടെ സൗദി ക്ലബ്ബായ അൽ ഹിലാലിനെ 2-1ന് പരാജയപ്പെടുത്തിയാണ് ഫ്ളുമിനെൻസ് സെമിയിൽ പ്രവേശിച്ചത്. ബ്രസീല്‍ താരം തിയാഗോ സില്‍വയാണ് ഫ്ളുമിനെന്‍സിന്റെ ക്യാപ്റ്റന്‍.
ക്വാർട്ടറിൽ ബ്രസീൽ ക്ലബ്ബായ പാൽമിറാസിനെ 2-1ന് മറികടന്നാണ് ചെൽസി സെമിയിൽ എത്തിയത്. എന്‍സോ ഫെര്‍ണാണ്ടസ്, എസ്റ്റേവാവോ വില്ലിയന്, കോള്‍ പാല്‍മര്‍, ലിയാം ഡെലാപ്, റീസ് ജയിംസ് എന്നിങ്ങനെ ഒരു മികച്ച സംഘം ചെല്‍സിക്കുണ്ട്.