ട്രംപിനെ നൊബേൽ സമ്മാനത്തിന് നാമനിർദേശം ചെയ്ത് ബെഞ്ചമിൻ നെതന്യാഹു
Tuesday, July 8, 2025 7:33 AM IST
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ സമാധാന നൊബേൽ സമ്മാനത്തിന് നാമനിർദേശം ചെയ്ത് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
നൊബേൽ സമ്മാന കമ്മിറ്റിക്ക് അയച്ച നാമനിർദ്ദേശ കത്തിന്റെ പകർപ്പ് വൈറ്റ് ഹൗസിൽ നടന്ന അത്താഴവിരുന്നിനിടെ നെതന്യാഹു ട്രംപിന് കൈമാറി.
"ഡോണൾഡ് ട്രംപ്, ഓരോ രാജ്യത്തും ഓരോ പ്രദേശത്തും സമാധാനം കെട്ടിപ്പടുക്കുകയാണ്. സമാധാനം കെട്ടിപ്പടുക്കുന്നതിൽ നൽകിയ പങ്കിന് നൊബേൽ സമ്മാനത്തിന് നിങ്ങളെ ഞാൻ നാമനിർദ്ദേശം ചെയ്യുന്നു. ഞാൻ നോബൽ സമ്മാന കമ്മിറ്റിക്ക് അയച്ച കത്തിന്റെ പകർപ്പ് നിങ്ങൾക്ക് കൈമാറാൻ ആഗ്രഹിക്കുന്നു. താങ്കൾ അത് അർഹിക്കുന്നു, നിങ്ങൾക്ക് അത് ലഭിക്കണം'- നെതന്യാഹു, ട്രംപിനോടു പറഞ്ഞു.
മിഡിൽ ഈസ്റ്റിൽ സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള ട്രംപിന്റെ ശ്രമങ്ങളെയും അദ്ദേഹം പ്രശംസിച്ചു. "ഇത് എനിക്കറിയില്ലായിരുന്നു. വളരെ നന്ദി. ഇത് വളരെ അർഥവത്താണ്'.- നെതന്യാഹുവിന് നന്ദി പറഞ്ഞുകൊണ്ട് ട്രംപ് പറഞ്ഞു.
1906 ൽ തിയോഡോർ റൂസ്വെൽറ്റും 1919 ൽ വുഡ്രോ വിൽസണും 2009 ൽ ബരാക് ഒബാമയുമാണ് ഇതിനു മുൻപ് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച യുഎസ് പ്രസിഡന്റുമാർ.