തമിഴ്നാട് കോൺഗ്രസ് അധ്യക്ഷന്‍ ക്ഷേത്രത്തിൽ വിലക്ക്
Tuesday, July 8, 2025 3:08 AM IST
ചെന്നൈ: തമിഴ്നാട് കോണ്‍ഗ്രസ് അധ്യക്ഷനും ശ്രീപെരുമ്പത്തൂര്‍ എംഎല്‍എയുമായ കെ. സെല്‍വപെരുന്തഗൈയെ ക്ഷേത്രചടങ്ങുകളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തടഞ്ഞതായി പരാതി.
അതേ സമയം ബിജെപി നേതാവായ തമിഴിസൈ സൗന്ദര്‍രാജനെ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവദിച്ചെന്നും ആരോപണമുണ്ട്. കാഞ്ചീപുരം വല്ലക്കോട്ടെ മുരുകന് ക്ഷേത്രത്തിലെ കുംഭാഭിഷേക ചടങ്ങിൽ പങ്കെടുക്കാന്‍ അനുവദിച്ചില്ലായെന്ന് ചൂണ്ടിക്കാട്ടിയാണ് വിവാദം ഉടലെടുത്തിരിക്കുന്നത്.
ദളിത് വിഭാഗത്തില്‍പ്പെട്ട എംഎല്‍എയെ തടഞ്ഞത് വലിയ ചര്‍ച്ചയ്ക്ക് വഴിവച്ചിട്ടുണ്ട്. 17 വര്‍ഷത്തിന് ശേഷം നടന്ന ചടങ്ങില്‍ കുടം ഒഴുക്കാനെത്തിയപ്പോഴായിരുന്നു എംഎല്‍എയെ തടഞ്ഞത്.
എന്നാല്‍ ഇതേ സമയം ബിജെപി നേതാവിനെ കുടം ഒഴുക്കാന്‍ അധികൃതർ സമ്മതിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്തപ്പോള്‍ തനിക്കും അനുവാദം നല്‍കുകയായിരുന്നുവെന്നും എംഎല്‍എ വെളിപ്പെടുത്തി. എന്നാല്‍ പിന്നെയും തന്നെ ക്ഷേത്ര അധികൃതര്‍ വിലക്കിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ വെളിപ്പെടുത്തി.
രണ്ടായിരം വര്‍ഷത്തോളം പഴക്കമുള്ള പ്രശ്നമാണിതെന്നും ഒരു രാത്രി കൊണ്ട് പരിഹരിക്കാന്‍ പോകുന്നില്ലായെന്നും സെല്‍വപെരുന്തഗൈ പ്രതികരിച്ചു. ചടങ്ങ് നന്നായി നടന്നെങ്കിലും ഉദ്യോഗസ്ഥരുടെ ഉദാസീനത വ്യക്തമായിരുന്നു. ആര് ആരെയാണ് നിയന്ത്രിക്കുന്നത് എന്ന് മനസിലായില്ല. എന്തിനാണ് തന്നെ തടഞ്ഞതെന്ന് അറിയില്ല. പക്ഷെ മുഖ്യമന്ത്രിയുടെ സല്‍പ്പേരിനെ ബാധിക്കുന്ന ഒന്നും താന്‍ പറയാന്‍ ആഗ്രഹിക്കുന്നില്ലായെന്നും അദേഹം കൂട്ടിചേർത്തു.