മന്ത്രവാദം; ഒരു കുടുംബത്തിലെ അഞ്ചുപേരെ ചുട്ടുകൊന്നു
Monday, July 7, 2025 9:15 PM IST
പാറ്റ്ന: മന്ത്രവാദത്തിന്റെ പേരിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ ജീവനോടെ ചുട്ടുകൊന്നു. ബീഹാറിലെ പൂർണിയയിലാണ് രാജ്യത്തെ നടുക്കിയ സംഭവമുണ്ടായത്.
ദുര്‍മന്ത്രവാദം നടത്തിയെന്നും അടുത്തിടെ ഗ്രാമത്തിലുണ്ടായ മരണത്തിന് കാരണമായത് ഈ മന്ത്രവാദമാണെന്നും ആരോപിച്ച് നാട്ടുകാരാണ് അഞ്ചുപേരെയും ക്രൂരമായി മര്‍ദിച്ചശേഷം തീകൊളുത്തി കൊലപ്പെടുത്തിയത്.
ബാബുലാല്‍ ഒറോണ്‍, സീതാദേവി, മഞ്ജീത് ഒറോണ്‍, റാണിയദേവി, തപ്തോ മൊസ്മാത് എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കുടുംബത്തിലെ ഒരുകുട്ടി ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്.
കൊല്ലപ്പെട്ടവരില്‍ നാലുപേരുടെ മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞനിലയില്‍ സമീപത്തെ കുളത്തില്‍നിന്ന് കണ്ടെടുത്തതായും ഗ്രാമം പോലീസ് വലയത്തിലാണെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവത്തിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.