കാളികാവിലെ നരഭോജിക്കടുവ പുത്തൂർ സുവോളജിക്കൽ പാർക്കിൽ; സന്ദർശകർക്ക് വിലക്ക്
Monday, July 7, 2025 10:39 AM IST
മലപ്പുറം: കാളികാവിൽ നിന്നും പിടികൂടിയ നരഭോജിക്കടുവയെ പുത്തൂർ സുവോളജിക്കൽ പാർക്കിൽ എത്തിച്ചു. രാത്രി വൈകി എത്തിച്ച കടുവയെ ഇന്ന് ക്വാറന്റൈൻ സെന്ററിലേക്ക് മാറ്റും. 21 ദിവസം ഇവിടെ ക്വാറന്റൈനിൽ പാർപ്പിക്കും. അതേസമയം, ഇവിടെ സന്ദർശകർക്ക് കർശന വിലക്കുണ്ട്.
രണ്ടുമാസത്തോളമായി കരുവാരക്കുണ്ട് മലയോര മേഖലയെ ഒന്നാകെ ഭീതിയിലാഴ്ത്തിയ കടുവ ഞായറാഴ്ച രാവിലെയാണ് സുൽത്താന എസ്റ്റേറ്റിലെ എസ് വളവിൽ റോഡരികിൽ സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയത്.
രാവിലെ തോട്ടങ്ങളിലേക്ക് തൊഴിലെടുക്കാൻ പുറപ്പെട്ട തൊഴിലാളികളാണ് കടുവ കൂട്ടിൽ കുടുങ്ങിക്കിടക്കുന്നതു കണ്ടത്. തുടർന്ന് നാട്ടുകാരെയും പിന്നീട് വനംവകുപ്പ് അധികൃതരെയും അറിയിക്കുകയായിരുന്നു.
കൂട്ടിൽ അകപ്പെട്ട കടുവ രക്ഷപ്പെടുന്നതിനുള്ള ശ്രമത്തിനിടെ കന്പികളിൽ തല ഇടിച്ചതിനാൽ പരിക്കേറ്റിട്ടുണ്ട്. കടുവയെ സ്ഥലത്തുനിന്ന് മാറ്റുന്നതുമായി ബന്ധപ്പെട്ട് നാട്ടുകാരും വനംവകുപ്പധികൃതരും തമ്മിൽ ഏറെനേരം വാഗ്വാദമുണ്ടായി. പ്രദേശത്ത് കടുവയുടെ ശല്യം നിരന്തരം ഉണ്ടായതിനെത്തുടർന്ന് നാട്ടുകാർ കടുത്ത പ്രതിഷേധത്തിലായിരുന്നു. അതിനാൽ കടുവയെ ജീവനോടെ കൊണ്ടുപോകാതിരിക്കുകയോ മൃഗശാലയിലേക്ക് മാറ്റുകയോ വേണമെന്ന ആവശ്യമാണ് നാട്ടുകാർ ഉയർത്തിയത്.
പ്രതിഷേധവുമായെത്തിയ വൻ ജനക്കൂട്ടം ഏറെനേരം സംഘർഷാവസ്ഥ സൃഷ്ടിച്ചു. വനംവകുപ്പ് അധികൃതർക്ക് പുറമേ പോലീസും സ്ഥലത്തെത്തിയിരുന്നു.
തുടർന്ന് സ്ഥലം എംഎൽഎ എ.പി. അനിൽകുമാർ, കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പൊന്നമ്മ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, കർഷക നേതാക്കൾ തുടങ്ങിയവർ നിലന്പൂർ സൗത്ത് ഡിഎഫ്ഒ ധനിക് ലാലുമായി ചർച്ച നടത്തി. ഇതേത്തുടർന്ന് കടുവയെ അമരന്പലത്തെ വനംവകുപ്പിന്റെ കേന്ദ്രത്തിൽ ചികിത്സ നൽകിയശേഷം മാറ്റാമെന്ന് ഡിഎഫ്ഒ ഉറപ്പു നൽകി. ഇതോടെയാണ് കടുവയെ പ്രദേശത്തുനിന്ന് മാറ്റാൻ നാട്ടുകാർ സമ്മതിച്ചത്.
വൈകുന്നേരത്തോടെ കടുവയെ തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് കൊണ്ടുപോയി. ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും ജനജാഗ്രതാ സമിതി അംഗങ്ങളുമുൾപ്പെടെ വലിയ ജനക്കൂട്ടമാണ് പ്രദേശത്ത് തടിച്ചുകൂടിയിരുന്നത്.