ഉപരാഷ്ട്രപതി ഇന്ന് കേരളത്തില്‍; ഗുരുവായൂർ ക്ഷേത്രദർശനം തിങ്കളാഴ്ച
Sunday, July 6, 2025 6:52 AM IST
കൊച്ചി: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറും ഭാര്യ ഡോ. സുദേഷ് ധന്‍കറും ഇന്ന് സംസ്ഥാനത്തെത്തും. ഉച്ചകഴിഞ്ഞ് 2.20ന് പ്രത്യേക വിമാനത്തില്‍ നെടുമ്പാശേരിയിലെത്തുന്ന ഉപരാഷ്ട്രപതിക്ക് വിമാനത്താവളത്തില്‍ സ്വീകരണം നല്‍കും.
തുടര്‍ന്ന് 2.30ന് ഹെലികോപ്റ്ററില്‍ കൊച്ചിയിലേക്കു പോകും. തിങ്കളാഴ്ച രാവിലെ അദ്ദേഹം ഗുരുവായൂർ ക്ഷേത്രം സന്ദർശിക്കും. ഉപരാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയെന്ന് അധികൃതർ അറിയിച്ചു.
സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായി രാവിലെ എട്ടു മുതൽ പത്തു വരെ വിവാഹം, ചോറൂൺ, ക്ഷേത്ര ദർശനം എന്നിവയ്ക്ക് നിയന്ത്രണമുണ്ടാകുമെന്ന് ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ പറഞ്ഞു. വിവാഹങ്ങൾ നടത്തുന്നതിനായി കൂടുതൽ വിവാഹ മണ്ഡപങ്ങൾ ഏർപ്പെടുത്തും.
ക്ഷേത്ര ഇന്നർ റിംഗ് റോഡുകളിൽ വാഹന പാർക്കിംഗ് അനുവദിക്കില്ല. ഉപരാഷ്ട്രപതിയുടെ സന്ദർശനം കഴിയുന്നതുവരെ തെക്കേ നടയുടെ ഇരുവശങ്ങളിലുമുള്ള കടകൾ തുറക്കാനും അനുവാദമില്ല. പ്രാദേശികം, സീനിയർ സിറ്റിസൺ ദർശന ക്യൂ രാവിലെ ആറിന് അവസാനിപ്പിക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.