കനത്ത മഴ; ഹിമാചൽപ്രദേശിൽ റോഡുകൾ തകർന്നു
Saturday, July 5, 2025 4:40 PM IST
ഷിംല: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുന്ന കനത്ത മഴയെ തുടർന്ന് ഹിമാചൽപ്രദേശിലെ മാണ്ഡി ജില്ലയിലെ 260 ലധികം റോഡുകൾ തകർന്നു. ഞായറാഴ്ച കാംഗ്ര, സിർമൗർ, മാണ്ഡി ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു.
ഉന, ബിലാസ്പൂർ, ഹാമിർപൂർ, ചമ്പ, സോളൻ, ഷിംല, കുളു ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം, വെള്ളക്കെട്ട്, അവശ്യ വസ്തുക്കളുടെ നാശനഷ്ടം എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജലാശയങ്ങളുടെ സമീപത്ത് നിന്നും ദൂരംപാലിക്കണമെന്ന് അധികൃതർ പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകി.
സംസ്ഥാന അടിയന്തര ഓപ്പറേഷൻ സെന്റർ പ്രകാരം ഇതുവരെ ഏകദേശം 541 കോടി രൂപയുടെ നഷ്ടം കണക്കാക്കിയിട്ടുണ്ട്. എന്നിരുന്നാലും, വിശദാംശങ്ങൾ ഇപ്പോഴും ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നും നഷ്ടം 700 കോടിയോളം വരുമെന്നും മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖു പറഞ്ഞു.