വിജയ് മുഖ്യമന്ത്രി സ്ഥാനാർഥി; ഔദ്യോഗികമായി പ്രഖ്യാപിച്ച് ടിവികെ
Friday, July 4, 2025 3:04 PM IST
ചെന്നൈ: നടനും പാർട്ടി അധ്യക്ഷനുമായ വിജയ് ആയിരിക്കും 2026 ൽ നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാർഥിയെന്ന് പ്രഖ്യാപിച്ച് തമിഴക വെട്രി കഴകം (ടിവികെ). ടിവികെയുടെ നേതൃയോഗത്തിലാണ് പ്രഖ്യാപനം.
ഓഗസ്റ്റിൽ ടിവികെ സംസ്ഥാന സമ്മേളനം നടക്കുമെന്നും സെപ്റ്റംബർ മുതൽ ഡിസംബർ വരെ വിജയ് സംസ്ഥാന പര്യടനം നടത്തുമെന്നും ടിവികെ അറിയിച്ചു. വിജയ്യുടെ നേതൃത്വം അംഗീകരിക്കുന്നവരുമായി മാത്രമെ സഖ്യത്തിനുള്ളുവെന്നും ടിവികെ പ്രഖ്യാപിച്ചു.
ടിവികെ എഐഡിഎംകെ സഖ്യത്തിലേക്കില്ലെന്നും പ്രഖ്യാപിച്ചു. ഇത് കൂടാതെ ബിജെപിയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളും വിജയ് അവസാനിപ്പിച്ചു. രാഷ്ട്രീയ ലാഭത്തിനായി ബിജെപിയുമായി ചേരാൻ ഞങ്ങൾ ഡിഎംകെയോ എഐഎഡിഎംകെയോ അല്ലെന്നു പെരിയാറിനെ അപമാനിക്കുന്നവർക്ക് തമിഴ് മണ്ണിൽ ഇടമില്ലെന്ന് പ്രഖ്യാപിച്ച വിജയ് ബിജെപി ക്ഷണം തള്ളി.
വൻ കരഘോഷത്തോടെയാണ് വിജയുടെ പ്രഖ്യാപനത്തെ ജനം എതിരേറ്റത്. ഡിഎംകെയുമായും ഒരിക്കലും കൈ കോർക്കില്ലെന്നും വിജയ് വ്യക്തമാക്കി.