ഡൽഹിയിൽ ഡീസൽ, പെട്രോൾ വാഹനങ്ങൾക്ക് പമ്പുകളിൽ നിന്നും ഇന്ധനം ലഭിക്കുന്നതിന് നിയന്ത്രണം
Tuesday, July 1, 2025 6:31 PM IST
ന്യൂഡൽഹി: 10 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്കും 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള പെട്രോള്‍ വാഹനങ്ങള്‍ക്കും ഡൽഹിയിലെ പമ്പുകളിൽനിന്ന് ഇന്ന് മുതൽ ഇന്ധനം ലഭിക്കില്ല.
തലസ്ഥാനത്തെ വാഹന മലിനീകരണം നിയന്ത്രിക്കാനുള്ള നടപടികളുടെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച തീരുമാനം ഇന്ന് മുതൽ നിലവിൽ വന്നു. സംസ്ഥാനത്തെ 350 പമ്പുകളിലാണ് ഈ തീരുമാനം നടപ്പാക്കുക.
കമ്മീഷന് ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്മെന്റ് ഡൽഹി പോലീസുമായും ഗതാഗത വകുപ്പുമായും ചേർന്നെടുത്ത തീരുമാനത്തിന്റെ ഭാഗമായാണ് ഈ നടപടി. തീരുമാനം നല്ല രീതിയിൽ നടപ്പിലാക്കുന്നുവെന്ന് ഉറപ്പുവരുത്താൻ കൃത്യമായ നിരീക്ഷണവും അധികൃതർ നടത്തും.
ആദ്യ 100 പമ്പുകൾ ഡൽഹി പോലീസ്, 59 പമ്പുകൾ ഗതാഗത വകുപ്പ്, 91 പമ്പുകൾ ഇരു വിഭാഗങ്ങളുടെയും സംയുക്ത സേന, അവസാന 100 പമ്പുകൾ മുനിസിപ്പൽ കോർപ്പറേഷൻ ജീവനക്കാർ എന്നിവർ നിരീക്ഷിക്കും. ഏതെങ്കിലും തരത്തിൽ നിയമലംഘനം കണ്ടെത്തിയാൽ കനത്ത പിഴ തുടങ്ങിയ കർശന നടപടികൾ സ്വീകരിക്കും.
പമ്പുകളില്‍ സ്ഥാപിച്ചിട്ടുള്ള ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്നിഷന്‍ കാമറകള്‍ വഴിയാണ് നിയമം നടപ്പിലാക്കുക. കാമറ വാഹനത്തിന്റെ നമ്പർ സ്കാൻ ചെയ്യും. വാഹനത്തിന്റെ വിവരങ്ങൾ വാഹന്‍ ഡാറ്റാബേസുമായി ബന്ധിപ്പിച്ചിട്ടുണ്ടായിരിക്കും.
ഇത് 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള പെട്രോള്‍ വാഹനങ്ങളെയും 10 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഡീസല്‍ വാഹനങ്ങളെയും തല്‍ക്ഷണം തിരിച്ചറിയും. വാഹനം ഫ്ളാഗ് ചെയ്തുകഴിഞ്ഞാല്‍ ഇന്ധന പമ്പ് ഓപ്പറേറ്റര്‍ക്ക് ഒരു അലര്‍ട്ട് ലഭിക്കും.
പഴകിയ വാഹനങ്ങളില്‍ നിന്നുള്ള മലിനീകരണം നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടുള്ള ഈ നിയന്ത്രണം, നവംബര്‍ ഒന്ന് മുതല്‍ ഗുരുഗ്രാം, ഫരീദാബാദ്, ഗാസിയാബാദ്, ഗൗതം ബുദ്ധ് നഗര്‍, സോനെപത് തുടങ്ങിയ മറ്റ് ഡൽഹി എന്‍സിആര്‍ മേഖലകളിലേക്കും 2026 ഏപ്രില്‍ 1 മുതല്‍ എന്‍സിആറിന്റെ ബാക്കി ഭാഗങ്ങളിലേക്കും ഘട്ടം ഘട്ടമായി വ്യാപിപ്പിക്കും.