പുരി രഥയാത്രയ്ക്കിടെയുണ്ടായ തിക്കുംതിരക്കും: മൂന്ന് പേർ മരിച്ചു; 10 പേർക്ക് പരിക്ക്
Sunday, June 29, 2025 9:12 AM IST
പുരി: ഒഡീഷയിലെ പുരിയിൽ രഥയാത്രയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് മൂന്നുപേർ മരിച്ചു. പത്ത് പേർക്ക് പരിക്കേറ്റു. ജഗന്നാഥക്ഷേത്രത്തിലെ വാർഷിക രഥയാത്രയ്ക്കിടെയാണ് അപകടമുണ്ടായത്.
മരിച്ചവരിൽ രണ്ടുപേർ സ്ത്രീകളാണ്. പ്രഭാതി ദാസ്, ബസന്തി സാഹു എന്നീ രണ്ട് സ്ത്രീകളും 70 കാരനായ പ്രേമകാന്ത് മൊഹന്തിയുമാണ് മരിച്ചത്. മൂവരും ഒഡീഷയിലെ ഖുർദ ജില്ലയിൽ നിന്നുള്ളവരാണ്.
ജഗന്നാഥ ക്ഷേത്രത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയുള്ള ശ്രീ ഗുണ്ടിച്ച ക്ഷേത്രത്തിന് സമീപത്തുകൂടി ജഗന്നാഥൻ, ബലഭദ്രൻ, ശുഭദ്ര ദേവി എന്നിവരുടെ വിഗ്രഹങ്ങളുള്ള മൂന്ന് രഥങ്ങൾ കടന്നുപോകുമ്പോഴാണ് അപകടമുണ്ടായത്.
ഇന്ന് പുലർച്ചെ 4.30 ഓടെ, രഥങ്ങൾ ഗുണ്ടിച്ച ക്ഷേത്രം കടന്നുപോകുന്നതിനിടെ വലിയ ജനക്കൂട്ടം ദർശനത്തിനായി തടിച്ചുകൂടിയിരുന്നു. രഥങ്ങൾ അടുത്തെത്തിയപ്പോൾ ജനക്കൂട്ടം പെരുകി, ചിലർ തിക്കിലും തിരക്കിലും പെട്ട് വീണു. മൂന്ന് പേർ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു.
സ്ഥലത്ത് ഏർപ്പെടുത്തിയിരുന്ന പോലീസുകാരുടെ എണ്ണം കുറവാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് സൂചന.