ജലനിരപ്പ് 136 അടിയിലെത്തി; മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും
Sunday, June 29, 2025 4:23 AM IST
ഇടുക്കി: ജലനിരപ്പ് 136 അടിയിലെത്തിയതിനാൽ മുല്ലപ്പെരിയാര്‍ അണക്കെട്ട് ഇന്ന് രാവിലെ പത്തിന് തുറക്കും. പരമാവധി ആയിരം ഘനയടിവെള്ളം തുറന്നുവിടും. ശനിയാഴ്ച രാത്രി പത്തോടെയാണ് ജലനിരപ്പ് 136 അടിയിലെത്തിയത്.
നിലവിൽ സെക്കൻഡിൽ 3867 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. തമിഴ്നാട് സെക്കൻഡിൽ 2117 ഘനയടി വെള്ളം കൊണ്ടു പോകുന്നുണ്ട്. നിലവില്‍ പെരിയാറില്‍ വളരെ താഴ്ന്ന നിലയിലാണ് ജലനിരപ്പുള്ളത്. അതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ പറഞ്ഞു.
അണക്കെട്ടില്‍നിന്നുള്ള വെള്ളം ഒഴുകിയെത്തിയാലും പെരിയാര്‍ തീരത്ത് പ്രശ്നങ്ങളുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. അതേസമയം അടിയന്തര സാഹചര്യം നേരിടാനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായതായി ഇടുക്കി ജില്ലാ ഭരണകൂടം വ്യക്തമാക്കി.
മുന്‍കരുതലിന്റെ ഭാഗമായി 883 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനായുള്ള മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 20 ദുരിതാശ്വാസ ക്യാമ്പുകളും തുറന്നു.