ഡിജെ പാര്‍ട്ടിക്കിടെ സംഘർഷം: ഒരാള്‍ക്ക് കുത്തേറ്റു, യുവതി കസ്റ്റഡിയിൽ
Sunday, June 29, 2025 3:26 AM IST
കൊച്ചി: ഡിജെ പാര്‍ട്ടിക്കിടെ ബാറിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. കതൃക്കടവ് തമ്മനം റോഡിലെ മില്ലേനിയൽ ബാറിൽ ശനിയാഴ്ച രാത്രി പത്തരയ്ക്കുണ്ടായ സംഭവത്തിൽ തൊടുപുഴ സ്വദേശിയായ യുവാവിനാണ് കുത്തേറ്റത്.
സംഭവത്തിൽ ഒരു യുവതിയെ കസ്റ്റഡിയിലെടുത്തെന്ന് പോലീസ് പറഞ്ഞു. ബാർ കൗണ്ടറിലുണ്ടായ വാക്ക് തർക്കം സംഘർഷത്തിലെത്തുകയായിരുന്നു. യുവാവുമായി തർക്കിച്ച യുവതി ബിയർ കുപ്പി പൊട്ടിച്ച് ആക്രമണം നടത്തുകയായിരുന്നു.
മദ്യക്കുപ്പി കൊണ്ടുള്ള ആക്രമണത്തിൽ യുവാവിന്റെ കഴുത്തിലാണ് പരിക്കേറ്റത്. സംഭവത്തിൽ ഉദയംപേരൂർ സ്വദേശിയായ ഇരുപത്തിയൊൻപതുകാരിയെ നോർത്ത് പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയാണ്. ആക്രമണം നടക്കുമ്പോൾ ചില സിനിമാ താരങ്ങളും പിന്നണി ഗായകരും ഉൾപ്പെടെ ഇവിടെ ഉണ്ടായിരുന്നു.
സംഭവത്തെ തുടർന്നു കതൃക്കടവ് - തമ്മനം റോഡിൽ ഗതാഗത തടസമുണ്ടായി. കുത്തേറ്റ യുവാവിനെ കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.