ഡിങ്കി ബോട്ട് "പണിമുടക്കി'; ആര്യാടൻ ഷൗക്കത്തും സംഘവും കാട്ടിൽ കുടുങ്ങി
Thursday, June 26, 2025 5:14 PM IST
മലപ്പുറം: ഡിങ്കി ബോട്ട് തകരാറിലായതിനെ തുടര്‍ന്ന് നിയുക്ത എംഎൽഎ ആര്യാടൻ ഷൗക്കത്തും സംഘവും കാട്ടിൽ കുടുങ്ങി. കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട വാണിയമ്പുഴ ഉന്നതിയിലെ ബില്ലിയുടെ മൃതദേഹം വീട്ടിലെത്തിച്ച് മടങ്ങുന്നതിനിടെയാണ് ഷൗക്കത്തും സംഘവും കാട്ടിൽ കുടുങ്ങിയത്.
ബുധനാഴ്ച വൈകുന്നേരമാണ് മുണ്ടേരി ഉള്‍വനത്തിലെ വാണിയമ്പുഴ ഉന്നതിയിലെ ബില്ലി (56) കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മഞ്ചേരി മെഡിക്കല്‍കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് മൃതദേഹം ഡിങ്കി ബോട്ടില്‍ ചാലിയാറിനക്കരെ വാണിയമ്പുഴ ഉന്നതിയിലെത്തിച്ചത്.
പോലീസും ഫയര്‍ഫോഴ്സും വനംവകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പടെ രണ്ട് ബോട്ടുകളിലായിട്ടാണ് ഇവർ വാണിയമ്പുഴ ഉന്നതിയിലെത്തിയത്. രണ്ട് ബോട്ടുകളുടെയും എന്ജിന് തകരാറിലായതോടെ സംഘം വനത്തിൽ കുടുങ്ങുകയായിരുന്നു.
വെള്ളിയാഴ്ച സത്യപ്രതിജ്ഞ നടക്കുന്നതിനാൽ ഷൗക്കത്തിന് വ്യാഴാഴ്ച രാത്രി 9.30നുള്ള രാജ്യറാണി എക്സ്പ്രസിൽ തിരുവനന്തപുരത്തേക്ക് പുറപ്പെടും. ഇതിനിടെയാണ് നിയുക്ത എംഎൽഎ ഉൾപ്പടെയുള്ളവർ വനത്തിൽ കുടുങ്ങിയത്.