മോഷണക്കേസിൽ പിടികൂടിയ യുവാവിനെ ചെരിപ്പ് മാലയണിയിച്ച് നഗരപ്രദക്ഷിണം; പോലീസ് വിവാദത്തിൽ
Wednesday, June 25, 2025 4:26 AM IST
ശ്രീനഗർ: ജമ്മുകാഷ്മീരിൽ മോഷണക്കേസിൽ പിടികൂടിയ യുവാവിനെ ചെരിപ്പ് മാല ധരിപ്പിച്ച് വാഹനത്തിന് മുകളിൽ ഇരുത്തി യാത്ര ചെയ്ത് പോലീസ്. സംഭവം വിവാദമായതിന് പിന്നാലെ ഉന്നത ഉദ്യോഗസ്ഥർ അന്വേഷണത്തിന് ഉത്തരവിട്ടു.
40,000 രൂപ മോഷ്ടിച്ചതിന് ബക്ഷി നഗർ മേഖലയിൽ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. തുടർന്ന് അർധനഗ്നനാക്കിയതിന് ശേഷം കൈവിലങ്ങ് അണിയിക്കുകയും ചെരിപ്പ് മാല അണിയിച്ച് പോലീസ് ജീപ്പിന്റെ ബോണറ്റിൽ ഇരുത്തി യാത്ര ചെയ്യുകയുമായിരുന്നു.
ബക്ഷി നഗർ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും നിരവധി നാട്ടുകാരും ഇയാൾക്ക് ചുറ്റുമുണ്ടായിരുന്നു.
സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ പോലീസിന്റെ പ്രവൃത്തിയെ ചോദ്യം ചെയ്ത് നിരവധിയാളുകൾ രംഗത്തെത്തുകയായിരുന്നു. ഇതോടെയാണ് പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടത്.
ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനോട് അന്വേഷണം നടത്തി ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.