നിലന്പൂരിലേത് ഇരുമുന്നണികൾക്കുമെതിരെയുള്ള ജനവിധി: എം.ടി.രമേശ്
Monday, June 23, 2025 9:47 PM IST
തിരുവനന്തപുരം: നിലന്പൂർ ഉപതെരഞ്ഞെടുപ്പു ഫലം ഇരുമുന്നണികൾക്കുമെതിരെയുള്ള ജനവിധിയാണെന്നു ബിജെപി സംസ്ഥാന ജനറൽസെക്രട്ടറി എം.ടി.രമേശ്. യുഡിഎഫിന്റേതു രാഷ്ട്രീയ വിജയമായി അവർപോലും സമ്മതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാരിനെതിരെ അതിശക്തമായ ജനവികാരം ഉണ്ടായിട്ടും അതു പ്രയോജനപ്പടുത്താൻ പ്രതിപക്ഷമായ യുഡിഎഫിനായില്ല എന്നതു ജനവിധി അവർക്കും എതിരാണെന്നതിന്റെ സൂചനയാണ്.
പ്രിയങ്കാഗാന്ധി ഉൾപ്പെടെയുള്ളവർ പ്രചാരണം നയിച്ചിട്ടും കേവലം ഒരു ശതമാനം വോട്ടിന്റെ വർധനയാണു യുഡിഎഫിനുണ്ടായത്. യുഡിഎഫിന്റെ സാങ്കേതിക വിജയത്തിനിടയാക്കിയത് ജമാഅത്തെ ഇസ്ലാമി അടക്കമുള്ള മതമൗലിക തീവ്രവാദ സംഘടനകൾ മുന്നോട്ടുവയ്ക്കുന്ന അത്യന്തം അപകടകരമായ രാഷ്ട്രീയത്തിന്റെ മുൻതൂക്കമാണെന്നും രമേശ് പറഞ്ഞു.