ഭാര്യാ സഹോദരിയെ പീഡിപ്പിച്ച കേസിലെ പ്രതി ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ ജീവനൊടുക്കി
Monday, June 23, 2025 4:37 AM IST
ലക്നോ: ഭാര്യാസഹോദരിയെ പീഡിപ്പിച്ച കേസില്‍ ജയിലില്‍ കഴിഞ്ഞ 32 കാരന് ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ വീട്ടില്‍ തൂങ്ങി മരിച്ചു.
ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് സൗത്ത് മേഖലയിലാണ് സംഭവം. പ്രതിയായ ശിവം എന്ന തനുവിനെയാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭാര്യാ സഹോദരിയെ ബലാത്സംഗം ചെയ്ത കേസിലായിരുന്നു തനു അറസ്റ്റിലായത്. എന്നാല്‍ ജൂണ്‍ 17 ന് ഇയാള്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങി. വീട്ടില്‍ എത്തിയ തനു വിഷാദത്തിലായിരുന്നുവെന്ന് കുടുംബം വ്യക്തമാക്കി.
തുടർന്നാണ് വീട്ടില്‍ ആരുമില്ലാത്ത സമയം നോക്കി ശനിയാഴ്ച രാത്രിയില്‍ തനു തൂങ്ങി മരിച്ചത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.