പഹൽഗാം ഭീകരാക്രമണം: രണ്ടു പേർ അറസ്റ്റിൽ
Sunday, June 22, 2025 11:47 AM IST
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് രണ്ടു പേരെ എൻഐഎ അറസ്റ്റ് ചെയ്തു. ഭീകരർക്ക് അഭയം നൽകിയവരാണ് അറസ്റ്റിലായത്. പർവേസ് അഹമ്മദ് ജോത്തർ, ബഷീർ അഹമ്മദ് ജോത്തർ എന്നിവരെയാണ് പിടികൂടിയതെന്ന് എൻഎഐ വ്യക്തമാക്കി.
അറസ്റ്റിലായവർ മൂന്നു ഭീകരരുടെ പേരും വെളിപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഏപ്രിൽ 22ന് പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടിരുന്നു. തുടർന്ന് എൻഎഐ ഉൾപ്പടെയുള്ള സംഘം അന്വേഷണം നടത്തുകയായിരുന്നു.
ഇതിനിടെയാണ് നിർണായകമായ അറസ്റ്റുണ്ടായത്. ഇവരിലൂടെ ആക്രമണം നടത്തിയവരെ കണ്ടെത്താമെന്ന വിശ്വാസത്തിലാണ് അന്വേഷണ ഏജൻസികൾ. ആക്രമണത്തിന് മുന്‍പ് പര്‍വേസും ബാഷിറും ബൈസരണ്‍ താഴ്വരയിലെ ഹില്‍ പാര്‍ക്കിലെ താത്ക്കാലിക കുടിലില്‍ ഭീകരര്‍ക്ക് ഒളിച്ചിരിക്കാന്‍ അവസരമൊരുക്കി.
അവര്‍ക്കാവശ്യമുള്ള ഭക്ഷണവും മറ്റ് സഹായങ്ങളും ഇവര്‍ നല്‍കിയതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. യുഎപിഎയുടെ 19-ാം വകുപ്പ് പ്രകാരമാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഭീകരര്‍ക്ക് അഭയവും ആവശ്യമായ മറ്റ് സഹായവും നല്‍കുന്നതിനെതിരെയുള്ള വകുപ്പാണിത്. കേസില്‍ കൂടുതല്‍ അന്വേഷണം നടന്നുവരുന്നതായും എന്‍ഐഎ അറിയിച്ചു.