വിവാഹാഭ്യർഥന നിരസിച്ചു; ഹരിയാനയിൽ സഹോദരിമാർക്ക് നേരെ വെടിവച്ച് യുവാവ്
Sunday, June 22, 2025 2:24 AM IST
ചണ്ഡീഗഡ്: ഹരിയാനയിലെ ജിന്ദ് ജില്ലയിൽ വിവാഹാഭ്യാർഥന നിരസിച്ചതിന് സഹോദരിമാർക്ക് നേരെ വെടിയുതിർത്ത് യുവാവ്.
വെള്ളിയാഴ്ച വൈകുന്നേരം പില്ലു ഖേര ഗ്രാമത്തിലെ റെയിൽവേ ബാരിയറിന് സമീപമാണ് സംഭവം. ഷിനു (25), റിതു (23) എന്നിവർക്ക് നേരെയാണ് സുനിൽ എന്നയാൾ വെടിവച്ചത്. പരിക്കേറ്റ സഹോദരങ്ങളെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ നിന്ന് റോഹ്തക്കിലെ പിജിഐഎംഎസിലേക്ക് മാറ്റി.
ഒളിവിൽ കഴിയുന്ന സുനിലിനെതിരെ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) നിയമപ്രകാരമുള്ള വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അയാളെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ഡിഎസ്പി (സഫിഡോൺ) ഗൗരവ് ശർമ പറഞ്ഞു.
ഷിനുവിന്റെയും റിതുവിന്റെയും മൂത്ത സഹോദരിയുടെ ഭർത്താവിന്റെ സഹോദരനാണ് സുനിൽ. റിതുവിനെ വിവാഹം കഴിക്കാൻ സുനിൽ ആഗ്രഹിച്ചിരുന്നെങ്കിലും കുടുംബാംഗങ്ങൾ അതിനെ എതിർത്തു. ഇതിൽ പ്രകോപിതനായാണ് അയാൾ രണ്ട് സഹോദരിമാർക്ക് നേരെ വെടിയുതിർത്തുവെന്ന് പോലീസ് പറഞ്ഞു.