പത്തനംതിട്ടയിലെ നവജാതശിശുവിന്റെ മരണം; മാതാവിനെതിരെ കൊലക്കുറ്റം ചുമത്തും
Thursday, June 19, 2025 9:12 PM IST
പത്തനംതിട്ട: മെഴുവേലിയില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മാതാവിനെതിരെ കൊലക്കുറ്റം ചുമത്തിയേക്കും. തലയ്ക്കേറ്റ പരിക്കാണ് മരണകാരണമെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് തീരുമാനം.
കുഞ്ഞിനെ വലിച്ചെറിഞ്ഞപ്പോള്‍ തലയ്ക്ക് പരിക്കേറ്റതാകാം എന്നാണ് പോലീസിന്റെ നിഗമനം. മൃതദേഹം കണ്ടെത്തിയ സ്ഥലം ഫോറന്‍സിക് സര്ജന് അടുത്തയാഴ്ച സന്ദര്‍ശിക്കും.
21കാരിയായ മാതാവില്‍ നിന്നും ഇലവുംതിട്ട പോലീസ് മൊഴിയെടുത്തിരുന്നു. കൗണ്‍സിലിംഗിനിടെ നല്കിയ മൊഴിയില്‍ നിന്നും വിരുദ്ധമായാണ് മാതാവ് മൊഴി നല്‍കിയത്.
കുഞ്ഞുമായി നിലത്ത് വീണുവെന്നാണ് 21കാരി പോലീസിന് നല്കിയ മൊഴിയില്‍ പറയുന്നത്. കുഞ്ഞിനെ കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് കഴിഞ്ഞദിവസം കുറ്റസമ്മതം നടത്തിയിരുന്നു. കൗണ്‍സിലിംഗിനിടെയായിരുന്നു ഈ മൊഴി.
പ്രസവശേഷം കുഞ്ഞിനെ കൊലപ്പെടുത്താനായി വായും മൂക്കും പൊത്തിപ്പിടിച്ചുവെന്നും കുഞ്ഞിന് അനക്കമില്ലാതായപ്പോള്‍ അടുത്ത പുരയിടത്തില്‍ കൊണ്ടുപോയി കളഞ്ഞുവെന്നും യുവതി കൗണ്‍സിലിംഗിനിടെ വ്യക്തമാക്കിയിരുന്നു.
പ്രസവിക്കുന്ന സമയം ആരും ഒപ്പമുണ്ടായിരുന്നില്ലെന്നും വീട്ടുകാര്‍ക്ക് താന്‍ ഗര്‍ഭിണിയാണെന്ന വിവരം അറിയില്ലായിരുന്നുവെന്നും യുവതി പറഞ്ഞിരുന്നു. മാതാവിന്റെ മെഴുവേലി ആലക്കോട്ടെ വീടിന് പുറകുവശത്തെ പുരയിടത്തിലാണ് നവജാത ശിശുവിന്റെ മൃതദേഹം രണ്ട് ദിവസം മുന്‍പ് കണ്ടെത്തിയത്.