അഹമ്മദാബാദില്‍ അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ ബ്ലാക്ബോക്സിന് തകരാര്‍; വിവരങ്ങള്‍ വീണ്ടെടുക്കുന്നതില്‍ പ്രതിസന്ധി
Thursday, June 19, 2025 11:39 AM IST
ന്യൂഡൽഹി: അഹമ്മദാബാദില്‍ അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ ബ്ലാക്ബോക്സിന് തകരാറെന്ന് റിപ്പോര്‍ട്ട്. ഇതിലെ വിവരങ്ങള്‍ വീണ്ടെടുക്കുന്നതില്‍ പ്രതിസന്ധിയുണ്ടെന്നാണ് വിവരം. ഈ സാഹചര്യത്തില്‍ കൂടുതല്‍ പരിശോധനയ്ക്കായി ബ്ലാക്ബോക്സ് അമേരിക്കയിലേക്ക് അയച്ചേക്കും.
അമേരിക്കയിലെ നാഷണല്‍ സേഫ്റ്റി ട്രാന്‍സ്പോര്‍ട്ട് ബോര്‍ഡിന്റെ കീഴിലുള്ള ലാബില്‍ പരിശോധന നടത്തും. ഇത് സംബന്ധിച്ച് വ്യേമയാനമന്ത്രാലയത്തില് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
അപകടം ഉണ്ടായതിന്റെ പിറ്റേദിവസമാണ് ബ്ലാക് ബോക്സ് കണ്ടെടുത്തത്. വലിയ അഗ്നിബാധയേറ്റ് തകരാര്‍ സംഭവിച്ചെന്നാണ് കണ്ടെത്തല്‍.
242 പേരുമായി ലണ്ടനിലേക്ക് പോയ വിമാനം അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഉടൻ തന്നെ തകർന്നു വീഴുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന ഒരാളൊഴികെ മറ്റെല്ലാവരും മരിച്ചു. വിമാനം ഇടിച്ച് കയറിയ ഹോസ്റ്റലിൽ ഉണ്ടായിരുന്ന മെഡിക്കൽ വിദ്യാർഥികൾ അടക്കമുള്ളവർക്കും ദുരന്തത്തിൽ ജീവൻ നഷ്ടമായിരുന്നു.