വൈറലാകാൻ പാമ്പിനെ ചുംബിച്ചു; കർഷകൻ ഗുരുതരാവസ്ഥയിൽ
Wednesday, June 18, 2025 4:36 AM IST
ലക്നോ: വൈറലാകാൻ പാമ്പിനെ ചുംബിക്കുന്ന റീൽസ് ചിത്രീകരിച്ചയാൾ കടിയേറ്റ് ഗുരുതരാവസ്ഥയിൽ. ജിതേന്ദ്ര കുമാർ(50) എന്ന കർഷകനാണ് പാമ്പിന്റെ കടിയേറ്റത്.
ഉത്തർപ്രദേശിലെ അമ്രോഹ ജില്ലയിലെ ഹൈബത്പൂർ ഗ്രാമത്തിലാണ് സംഭവം. ചുംബിക്കാൻ ശ്രമിച്ചപ്പോൾ പാമ്പ് നാവിൽ കടിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ പിന്നീട് സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. പിന്നാലെ രൂക്ഷ വിമർശനമാണ് ഉയർന്നത്.
വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. കൃഷിസ്ഥലത്തിന് സമീപത്തെ മതിലിൽ പാമ്പിനെ കണ്ടതോടെ നാട്ടുകാർ പരിഭ്രാന്തരായി. തുടർന്ന് സംഭവസ്ഥലത്തെത്തിയ ജിതേന്ദ്ര കുമാർ പാമ്പിനെ പിടികൂടി. "അയാൾ പാമ്പിനെ ചുംബിക്കാൻ ശ്രമിച്ചു. അതിനിടെ പാമ്പ് അയാളുടെ നാവിൽ കടിച്ചു. അതോടെ ജിതേന്ദ്ര കുമാർ പാമ്പിനെ കൈവിട്ടു'- ഗ്രാമത്തലവൻ ജയ്കിരത് സിംഗ് പറഞ്ഞു.
ഇയാൾ മദ്യപിച്ചിരുന്നതായാണ് വിവരം. ആദ്യം ജിതേന്ദ്ര കുമാറിനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ആരോഗ്യ നില വഷളായതിനാൽ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.