ഇറാൻ-ഇസ്രയേൽ സംഘർഷം; നയതന്ത്ര വഴിയിലൂടെ പരിഹാരം കാണണമെന്ന് ഇന്ത്യ
Friday, June 13, 2025 9:30 PM IST
ന്യൂഡൽഹി: ഇറാൻ - ഇസ്രയേൽ സംഘർഷം രൂക്ഷമാകുന്നതിൽ ആശങ്ക രേഖപ്പെടുത്തി ഇന്ത്യ. സംഘർഷം രൂക്ഷമാക്കുന്ന നടപടികൾ പാടില്ലെന്നും ചർച്ചയ്ക്കുള്ള സാധ്യത തേടണമെന്നും ഇന്ത്യ നിർദ്ദേശിച്ചു. രണ്ട് രാജ്യങ്ങളുമായും അടുത്ത സുഹൃദ് ബന്ധമാണ് ഇന്ത്യയ്ക്കുള്ളതെന്നും അതിനാൽ പ്രശ്നപരിഹാരത്തിന് എന്ത് പിന്തുണയും നൽകാൻ തയ്യാറാണെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.
ആണവ കേന്ദ്രങ്ങളിലടക്കമുള്ള ആക്രമണത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ നിരീക്ഷിക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇറാനിലെ ഇന്ത്യക്കാർ തത്ക്കാലം താമസസ്ഥലത്തു നിന്നും പുറത്തു പോകുന്നത് ഒഴിവാക്കണമെന്ന നിർദേശമുണ്ട്.
ഇസ്രയേലിലുളള ഇന്ത്യക്കാർ പ്രാദേശിക ഭരണകൂടത്തിൻറെ മുന്നറിയിപ്പുകൾ പാലിക്കണം എന്നും വിദേശകാര്യമന്ത്രാലയം നിർദ്ദേശിച്ചു. ഇറാൻ വ്യോമമേഖല അടച്ചതിനാൽ എയർ ഇന്ത്യയുടെ പതിനാറ് വിമാനങ്ങൾ വഴിതിരിച്ചു വിടുകയോ റദ്ദാക്കുകയോ ചെയ്തിരുന്നു.
മുംബൈയിൽ നിന്ന് ലണ്ടനിലേക്കും ന്യൂയോർക്കിലേക്കും പോയ വിമാനങ്ങൾ തിരിച്ചു വിളിച്ചു. അമേരിക്കയിൽ നിന്നും കാനഡയിൽ നിന്നും ദില്ലിയിലേക്കും ബംഗളൂരുവിലേക്കും തിരിച്ച എയർ ഇന്ത്യ വിമാനങ്ങൾ ജിദ്ദയിലേക്കും ഷാർജയിലേക്കും യുറോപ്യൻ രാജ്യങ്ങളിലേക്കും വഴിതിരിച്ചു വിട്ടു.
സംഘർഷം രൂക്ഷമായാൽ പാശ്ചാത്യരാജ്യങ്ങളിലേക്കുള്ള വിമാനസർവ്വീസുകൾക്ക് ഇത് പ്രസിന്ധിയാകും. ഇന്ത്യ, ഇസ്രയേലിന്റെ നീക്കത്തെ അപലപിക്കണം എന്ന് സിപിഎം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. പലസ്തീന് അനുകൂലമായ ഇന്ത്യൻ നിലപാട് ശക്തിപ്പെടുത്തണം എന്നും സിപിഎം പ്രസ്താവനയിൽ പറഞ്ഞു.