വിമാനാപകടം; സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളം അടച്ചു
Thursday, June 12, 2025 4:13 PM IST
അഹമ്മദാബാദ്: വിമാനാപകടത്തിന് പിന്നാലെ അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളം അടച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിമാനത്താവളത്തിന്റെ പ്രവർത്തനം താത്കാലികമായി നിർത്തിയെന്ന് അധികൃതർ അറിയിച്ചു.
വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് യാത്രക്കാർ അതത് എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് നിർദേശിക്കുന്നു. ഈ പ്രത്യേക സാഹചര്യത്തിൽ യാത്രക്കാരുടെ സഹകരണവും ക്ഷമയും അഭ്യർഥിക്കുന്നുവെന്ന് വിമാനത്താവളം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് അറിയിക്കുമെന്നും അധികൃതർ അറിയിച്ചു.
അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തില്‍ 242 യാത്രക്കാര്‍ ഉണ്ടായിരുന്നെന്നാണ് വിവരം. ഇന്ന് ഉച്ചയ്ക്ക് 1:10നാണ് അപകടം. ടേക്ക് ഓഫിനിടെ മരത്തില്‍ ഇടിച്ച ശേഷം തകര്‍ന്നുവീഴുകയായിരുന്നെന്നാണ് സൂചന. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.