പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി തരൂര്‍; അമേരിക്കന്‍ പര്യടനത്തിന്റെ വിശദാംശങ്ങള്‍ അറിയിച്ചു
Thursday, June 12, 2025 10:52 AM IST
ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തകസമിതിയംഗവും എംപിയുമായ ശശി തരൂർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി. തരൂരിനെ മോദി വിളിപ്പിക്കുകയായിരുന്നെന്നാണ് വിവരം. ജി -7 ഉച്ചകോടിക്കു പ്രധാനമന്ത്രി പോകുന്ന സാഹചര്യത്തിലായിരുന്നു പ്രത്യേക കൂടിക്കാഴ്ച.
ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാൻ അമേരിക്ക അടക്കം അഞ്ച് രാജ്യങ്ങളിലേക്ക് പോയ സര്‍വകക്ഷി സംഘത്തെ ശശി തരൂരാണ് നയിച്ചിരുന്നത്. വിദേശരാജ്യങ്ങളിലേക്ക് പോയ സര്‍വകക്ഷി സംഘങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി വിരുന്ന് നല്‍കിയിരുന്നു. ഈ വിരുന്നിനിടെ തരൂര്‍ ഒരു റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് കൈമാറിയിരുന്നു.
ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയാന്‍ വേണ്ടിയാണ് തരൂരിനെ പ്രധാനമന്ത്രി വിളിപ്പിച്ചതെന്നാണ് ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. അതേസമയം വിദേശരാജ്യങ്ങളുമായുള്ള ആശയവിനിമയവുമായി ബന്ധപ്പെട്ട് തരൂരിന് കേന്ദ്രസര്‍ക്കാര്‍ പ്രത്യേക പദവി നല്‍കിയേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. വിദേശപര്യടനം കഴിഞ്ഞ് തിരിച്ചെത്തിയ തരൂരുമായി കൂടിക്കാഴ്ച നടത്താന്‍ കോണ്‍ഗ്രസ് നേതൃത്വം തയാറായില്ലെന്ന റിപ്പോർട്ടുകൾക്കിടെയാണ് മോദിയുമായുള്ള കൂടിക്കാഴ്ചയെന്നതും ശ്രദ്ദേയമാണ്.