വർഗീയ ശക്തികളുടെ കൂട്ടുകെട്ടായി യുഡിഎഫ് മാറി, പിഡിപിയും ജമാഅത്തെ ഇസ്ലാമിയും ഒരുപോലെയല്ല: എം.വി. ഗോവിന്ദൻ
Tuesday, June 10, 2025 9:49 AM IST
തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമിയുടെ യുഡിഎഫ് പിന്തുണയിൽ രൂക്ഷവിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വർഗീയ ശക്തികളുടെ കൂടാരമായി യുഡിഎഫ് മാറിയെന്നും അതിന് പ്രത്യാഘാതം അനുഭവിക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം യുഡിഎഫ് വർഗീയവാദികളുമായി ചേർന്നുപോകുന്ന സ്ഥിതിയാണെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
പിഡിപിയും ജമാഅത്തെ ഇസ്ലാമിയും ഒരുപോലെയല്ലെന്നും രണ്ടുംകൂടി കൂട്ടിക്കുഴയ്ക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ലോകത്തെമ്പാടുമുള്ള വർഗീയ ശക്തിയാണ്. ഇസ്ലാമിക രാഷ്ട്രം വേണമെന്ന് നിലപാട് ഉള്ളവരാണ്. ആ നിലപാടല്ല പിഡിപി എടുക്കുന്നതെന്നും അവർ പീഡിപ്പിക്കപ്പെട്ട ഒരു വിഭാഗമാണെന്നും ഗോവിന്ദൻ വ്യക്തമാക്കി.
നിലമ്പുർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജിനെ പിന്തുണയ്ക്കുമെന്ന് പിഡിപി കഴിഞ്ഞദിവസമാണ് പ്രഖ്യാപിച്ചത്.