ഷൈൻ ടോം ചാക്കോയുടെ പിതാവിന്റെ സംസ്കാരം നടത്തി
Monday, June 9, 2025 1:05 PM IST
തൃശൂർ: നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് മുണ്ടൂർ ചെറുവത്തൂർ വീട്ടിൽ സി.പി. ചാക്കോയുടെ (72) സംസ്കാരം ഇന്ന് രാവിലെ 10. 30ന് മുണ്ടൂർ പരിശുദ്ധ കർമലമാതാ ദേവാലയത്തിൽ നടത്തി. ഞായറാഴ്ച വൈകുന്നേരം മൂന്നു മുതൽ മുണ്ടൂർ കൃഷിഭവനു സമീപമുള്ള വീട്ടിൽ മൃതദേഹം പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ നിരവധിപേർ അന്ത്യാഞ്ജലി അർപ്പിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയാണ് ഷൈൻ ടോം ചാക്കോയും, കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ട് ഷൈനിന്റെ പിതാവ് ചാക്കോ മരിച്ചത്. ഇന്നുരാവിലെ 8.45ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ഷൈനിനെയും, അമ്മയെയും ആംബുലൻസിൽ മുണ്ടൂരിലെ വീട്ടിലേക്കു കൊണ്ടുവന്നു. പിന്നീട് പിതാവിന്റെ അന്ത്യകർമങ്ങൾക്കുശേഷം ഷൈനിനെയും അമ്മ മേരി കാർമലിനെയും തുടർ ചികിത്സയിലേക്കുവേണ്ടി തിരികെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
പരിക്കേറ്റ ഇരുവരുടേയും ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അപകടത്തിൽ ഷൈനിന്റെ ഇടതുകൈയിലും നട്ടെല്ലിനും ചെറിയ പൊട്ടലുണ്ട്.
ഞായറാഴ്ച ഷൈനിനെ കാണാൻ കേന്ദ്രമന്ത്രി സുരേഷ് ഗോപി, നടൻമാരായ കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ, ടൊവിനോ തോമസ്, സംവിധായകൻ ആഷിക് അബു എന്നിവരും ആശുപത്രിയിലെത്തിയിരുന്നു.