മലയാളി യുവ എഞ്ചിനീയര്‍ ദുബായില്‍ സ്കൂബ അപകടത്തില്‍ മരിച്ചു
Sunday, June 8, 2025 8:15 PM IST
ദുബായ്: മലയാളി യുവ എഞ്ചിനീയര്‍ ദുബായില്‍ സ്കൂബ അപകടത്തില്‍ മരിച്ചു. തൃശൂര്‍ വടക്കാഞ്ചേരി വേലൂര്‍ ഒലെക്കേങ്കില്‍ വീട്ടില്‍ ഐസക് പോള്‍ (29) ആണ് സ്കൂബ ഡൈവിംഗിനിടെ മരിച്ചത്.
കൂടെയുണ്ടായിരുന്ന സഹോദരന് ഐവിന് പരിക്കേറ്റു. ഭാര്യ രേഷ്മ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ആശുപത്രിയില്‍ ചികിത്സയിലുള്ള ഐവിന് അപകടനില തരണം ചെയ്തതായാണ് വിവരം.
അഞ്ച് വര്‍ഷത്തിലേറെയായി യുഎഇയിൽ ജോലി ചെയ്തുവരുന്ന ഐസക് ദുബായിലെ അലെക് എഞ്ചിനീയറിംഗ് കമ്പനിയിലാണ് പ്രവർത്തിക്കുന്നത്. ഭാര്യ രേഷ്മയും എഞ്ചിനീയറാണ്.
വെള്ളിയാഴ്ച രാവിലെ ദുബായ് ജുമൈറ ബീച്ചില്‍ സ്കൂബ ഡൈവിംഗിനിടെയാണ് അപകടമുണ്ടായത്. മൂവര്‍ക്കും സ്കൂബ ഡൈവിംഗിന് മുന്‍പ് സ്വിമ്മിംഗ് പൂളില്‍ പരിശീലനം ലഭിച്ചിരുന്നു.
എന്നാല്‍ ഓക്സിജന്‍ ലഭിക്കാതെ എസക്കിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു എന്നാണ് വിവരം. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.