ചിന്നസ്വാമി ദുരന്തം: പരിപാടി സംഘടിപ്പിച്ചത് പോലീസ് നിര്‍ദേശം തള്ളിക്കൊണ്ട്
Thursday, June 5, 2025 9:07 AM IST
ബംഗളൂരു: ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ 11 പേരുടെ മരണത്തിനിടയാക്കിയ പരിപാടി ആർസിബി സംഘടിപ്പിച്ചത് പോലീസ് നിര്‍ദേശം തള്ളി. രണ്ട് നിര്‍ദേശങ്ങളാണ് ഇത് സംബന്ധിച്ച് പോലീസ് മുന്നോട്ടുവച്ചത്.
പരിപാടി സ്റ്റേഡിയത്തിന്റെ ഒരു ഭാഗത്ത് ചുരുങ്ങിയ ആളുകളെ മാത്രം പങ്കെടുപ്പിച്ച് നടത്തണമെന്ന് പോലീസ് നിര്‍ദേശിച്ചു. അതല്ലെങ്കില്‍ വിജയാഘോഷം ഞായറാഴ്ചത്തേക്ക് മാറ്റണമെന്നായിരുന്നു നിര്‍ദേശം.
എന്നാല്‍ വിദേശതാരങ്ങള്‍ക്കും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ള താരങ്ങള്‍ക്കും ഉടന്‍ മടങ്ങണമെന്ന് ആര്‍സിബി അധികൃതര്‍ അറിയിക്കുകയായിരുന്നു. ഞായറാഴ്ചത്തേക്ക് പരിപാടി മാറ്റിവച്ചാല്‍ വിജയാഘോഷത്തിന്റെ തിളക്കം കുറയുമെന്നും അധികൃതര്‍ പറഞ്ഞു.
എന്നാൽ ചുരുങ്ങിയ സമയത്തിനുള്ളില്‍ വിപുലമായ സുരക്ഷാക്രമീകരണം ഒരുക്കാന്‍ പരിമിതിയുണ്ടെന്ന് പോലീസും വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതെല്ലാം മറികടന്ന് പരിപാടി സംഘടിപ്പിച്ചതാണ് ദുരന്തത്തിന് വഴിവച്ചതെന്നാണ് ഉന്നതപോലീസ് വൃത്തങ്ങൾ അറിയിച്ചത്.
ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിന് മുന്നിലെ തിക്കിലും തിരക്കിലും പെട്ട് 11 പേർക്കാണ് ജീവൻ നഷ്ടമായത്. കണ്ണൂർ സ്വദേശി ശിവലിംഗ്(17) അടക്കമുള്ളവരാണ് മരിച്ചത്. അതേസമയം, പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവർ അപകടനില തരണം ചെയ്തുവെന്ന് അധികൃതർ അറിയിച്ചു.