രാജീവ് കൃഷ്ണ ഉത്തർപ്രദേശ് ഡിജിപിയായി ചുമതലയേൽക്കും
Sunday, June 1, 2025 3:52 AM IST
ലക്നോ: ഉത്തർപ്രദേശിലെ പുതിയ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഡിജിപി) ആയി രാജീവ് കൃഷ്ണ ചുമതലയേൽക്കും. നിലവിൽ ഉത്തർപ്രദേശ് പോലീസ് റിക്രൂട്ട്മെന്റ് ആൻഡ് പ്രമോഷൻ ബോർഡിൽ വിജിലൻസ് ഡയറക്ടർ ജനറലാണ് (ഡിജി) രാജീവ് കൃഷ്ണ.
1991 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ അദ്ദേഹത്തെ ഡിജിപിയായി നിയമിച്ചെന്ന് സർക്കാർ വക്താവ് അറിയിച്ചു. ശനിയാഴ്ച വിരമിക്കുന്ന ഡിജിപി പ്രശാന്ത് കുമാറിന് പകരക്കാരനായാണ് രാജീവ് കൃഷ്ണ ചുമതലയേൽക്കുന്നത്.
പ്രയാഗ്രാജിൽ ട്രെയിനി ഐപിഎസ് ഓഫീസറായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് ബറേലി, കാൺപൂർ, അലിഗഡ് എന്നിവിടങ്ങളിൽ അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് (എഎസ്പി) ആയി സേവനമനുഷ്ഠിച്ചു.
ഫിറോസാബാദ്, ആഗ്ര, ലക്നോ, മഥുര എന്നിവയുൾപ്പെടെ വിവിധ ജില്ലകളിൽ പോലീസ് സൂപ്രണ്ട് (എസ്പി), സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് (എസ്എസ്പി) എന്നീ സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്. 2029 ജൂണിൽ അദ്ദേഹം വിരമിക്കും.